പത്തനംതിട്ട: നിയമനക്കോഴക്കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്തു. പത്തനംതിട്ട സ്വദേശി അരവിന്ദിനെയാണ് സസ്‌പെൻഡ് ചെയ്തത്. ആരോഗ്യവകുപ്പ് നൽകിയ പരാതിയെ തുടർന്ന് കൻറോൺമെന്റ് പോലീസ് അരവിന്ദിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുണ്ടായത്.
പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും അരവിന്ദിനെ മാറ്റിയതായി യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു. ആരോഗ്യവകുപ്പിൽ നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പത്തനംതിട്ട സ്വദേശിയായ യുവതിയിൽ നിന്നും 50,000 രൂപയാണ് അരവിന്ദ് തട്ടിയെടുത്തത്. തുടർന്ന് വ്യാജ നിയമന ഉത്തരവും യുവതിക്ക് കൈമാറിയിരുന്നു.
കോട്ടയം മെഡിക്കൽ കോളേജിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ അരവിന്ദ് വാങ്ങിയെന്ന പരാതിയുമായി യുവമോർച്ച നേതാവ് അജിത് സജിയും രംഗത്തെത്തിയിരുന്നു. ബെവ്‌ക്കോയിൽ ജോലി വാദ്ഗാനം ചെയ്ത് കായംകുളം സ്വദേശികളിൽ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തതായും അരവിന്ദിനെതിരെ പരാതിയും ഉയർന്നിരുന്നു. ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് അരവിന്ദ് എല്ലാവരിൽ നിന്നും പണം വാങ്ങിയതെന്ന് പോലീസ് കണ്ടെത്തി. ആരോഗ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നിമയനത്തട്ടിപ്പ് നടത്തിയ മുൻ എസ്എഫ്‌ഐ നേതാവ് അഖിൽ സജീവുമായി അരവിന്ദിന് ബന്ധമുണ്ടോ എന്നതും പോലീസ് അന്വേഷിക്കും.