റിയാദ് : സൗദി അറേബ്യയിലെ അബഹ അസീർ ദർബിൽ മലയാളി കുത്തേറ്റു മരിച്ചു. മണ്ണാർക്കാട് കൂമ്പാറ സ്വദേശി ഹൈദർ ഹാജിയുടെയും സൈനബയുടെയും മകൻ അബ്ദുൽ മജീദ്(49) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കൂടെ മുൻപ് ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരനാണ് ആക്രമണം നടത്തിയത്. ഇയാളെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മജീദിനെ കാണാൻ വേണ്ടി രാത്രി എട്ട് മണിയോടെയാണ് പ്രതികൾ അദ്ദേഹത്തിന്റെ താമസസ്ഥലത്തെത്തിയത്. ഭക്ഷണശേഷം സംസാരിച്ച് ഇരിക്കുന്നിതിനിടെ ഇവർക്കിടയിൽ വാക്കുതർക്കം ഉണ്ടായി. ഇതേ തുടർന്ന് പ്രതികൾ രണ്ടു പേരും ചേർന്നു മജീദിനെ കുത്തുകയായിരുന്നു.
കുത്തേറ്റ അബ്ദുൽ മജീദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. തുടർ നടപടികൾക്കായി മൃതദേഹം ദർബ് ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. സൗദിയിൽ തന്നെയുള്ള മജീദിന്റെ സഹോദരങ്ങൾ സംഭവ സ്ഥലത്തെത്തി. 25 വർഷമായി സൗദിയിൽ ജോലി ചെയ്ത് വരുകയായിരുന്നു അബ്ദുൽ മജീദ്. മജീദിന്റെ ഭാര്യ റൈഹാനത്ത്, മക്കൾ മിഥ് രാജ്, നാജിയ.