പാലക്കാട്: സ്വപ്നയാത്ര പോയി മടങ്ങവെ കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. നാലുപേരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്നലെ പൂർത്തിയായിരുന്നു. ഇന്ന് രാവിലെ ശ്രീനഗറിലെത്തിക്കുന്ന മൃതദേഹങ്ങൾ അവിടെ നിന്ന് വിമാന മാർഗ്ഗം കോയമ്പത്തൂരിലെത്തിക്കും. തുടർന്ന് റോഡ് മാർഗ്ഗമാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുക. നടപടി ക്രമങ്ങളുടെ ഏകോപനത്തിന് പ്രത്യേക സംഘത്തെ ഏർപ്പെടുത്തിയിരിക്കുന്നു. ഡൽഹി നോർക്കയും കേരള ഹൗസിൽ നിന്നുള്ള ഉദ്യോഗസ്ഥരും ചേർന്നാണ് നടപടികൾ സ്വീകരിച്ചത്. മൃതദേഹങ്ങൾ വിട്ടുകിട്ടുന്നതനുസരിച്ചായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുകയെന്ന് ബന്ധുക്കൾ അറിയിച്ചു.
കശ്മീർ താഴ്വരയുടെ ഭംഗി ആസ്വദിക്കണമെന്ന വർഷങ്ങളായുള്ള ആഗ്രഹം യാഥാർത്ഥ്യമാകുന്നതിനിടയിലാണ് നാല് സുഹൃത്തുക്കൾ മരണത്തിന് കീഴടങ്ങിയത്. ഇവർ യാത്രപോയ സംഘത്തിലുണ്ടായിരുന്ന 13 പേരും സാധാരകാണക്കാരായിരുന്നു. നാടിന്റെ എന്താവശ്യത്തിനും മുന്നിൽ നിന്നിരുന്ന യുവാക്കൾ നാല് കുടുംബങ്ങളുടെ ആശ്രയം കൂടിയായിരുന്നു.
യാത്ര പൂർത്തിയാക്കി മടങ്ങവെ ജമ്മു കശ്മീരിൽ വെച്ച് എസ് യു വി വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് യുവാക്കൾ ഉൾപ്പടെ ഏഴുപേർ മരിച്ചത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. പാലക്കാട് ചിറ്റൂർ സ്വദേശികളായ അനിൽ (34), സുധീഷ്(33), രാഹുൽ(28), വിഗ്‌നേഷ് (23) എന്നിവരാണ് മരിച്ചത്. ഇവർ യാത്ര ചെയ്ത സംഘത്തിലെ മനോജ്, രജീഷ്, അരുൺ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവർ അജാസ് അഹമ്മദ് അവാനാണ് മരിച്ച മറ്റൊരാൾ. സോനാ മാർഗ്ഗിലേയ്‌ക്ക് പോകുന്നതിനിടെയാണ് സംഘം അപകടത്തിൽപ്പെട്ടത്. ലേയുമായി ബന്ധിപ്പിക്കുന്ന ചുരത്തിൽവെച്ച് വാഹനം താഴ്വരയിലേയ്‌ക്ക് തെന്നിമാറുകയായിരുന്നു. മഞ്ഞുകട്ടകൾ വീണ് കിടന്ന റോഡിൽ നിന്ന് വാഹനം വഴുതി യാദവ് മോറിലെ കൊക്കയിൽ പതിക്കുകയായിരുന്നു എന്നാണ് വിവരം. അപകടത്തിൽ വാഹനം പൂർണമായി തകർന്നിരുന്നു.
യുവാക്കളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ലഡാക്കിലേക്കുള്ള യാത്ര. കഴിഞ്ഞ മാസം 30 ന് ട്രെയിൻ മാർഗ്ഗമായിരുന്നു ഇവർ യാത്ര തിരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മനോജിനെ എസ്‌കെഐഎംഎസ് ആശുപത്രിയിലേയ്‌ക്ക് മാറ്റി.















