കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കടുവയിറങ്ങി. താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിലാണ് കടുവയിറങ്ങിയത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ലോറി ഡ്രൈവറാണ് കടുവയെ ആദ്യം കണ്ടത്. തുടർന്ന് ലോറി ഡ്രൈവർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തുകയും പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തു.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വയനാട് ലക്കിടി അതിർത്തിയോട് ചേർന്നുള്ള പ്രദേശമായതിനാൽ അവിടെ നിന്നാകാം കടുവയെത്തിയതെന്നാണ് നിഗമനം. കടുവയിറങ്ങിയ സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രിയിലുൾപ്പെടെ ചുരത്തിലൂടെ പോകുന്ന യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.















