ലക്നൗ: അയോദ്ധ്യ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പൂജാരിമാർക്കായുള്ള പരിശീലനം ആരംഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട 24 യുവ പൂജാരിമാരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പൂജാരീതിയും പാരമ്പര്യവും ഇവരെ അഭ്യസിപ്പിക്കും. പണ്ഡിറ്റ് സത്യനാരായണദാസിന്റെ നേതൃത്വത്തിലാണ് പൂജാദികർമ്മങ്ങൾ അഭ്യസിപ്പിക്കുന്നത്.
ഭാരതീയ ഗ്രന്ഥങ്ങൾ, ഉപനിഷത്തുകൾ, ശ്രീരാമ ഭഗവാന്റെ ആരാധന തുടങ്ങിയവ ഇവിടെ നിന്നും അഭ്യസിപ്പിക്കുന്നുണ്ടെന്ന് യുവ പൂജാരിയായ ആശിഷ് കുമാർ പാണ്ഡെ പറഞ്ഞു. അനന്തമായ ഭക്തിയോടെ ശ്രീരാമനെ സേവിക്കുകയും, ജീവിച്ചിരിക്കുന്നിടത്തോളം കാലം ഭഗവാന്റെ പാദങ്ങളിൽ വസിക്കുകയും ചെയ്യണമെന്നാണ് ആഗ്രഹം. ആ ഒറ്റ ലക്ഷ്യമാണ് അയോദ്ധ്യയിൽ എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റാണ് പരിശീലനത്തിന് ചുക്കാൻ പിടിക്കുന്നത്. ഗുരുകുല സമ്പ്രദായത്തിലുള്ള ആറുമാസത്തെ പരിശീലനം പൂർത്തിയാക്കിയ യോഗ്യരായ പൂജാരിമാരെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലും അതുമായി ബന്ധപ്പെട്ട മറ്റ് ക്ഷേത്രങ്ങളിലും നിയമിക്കും. 2024 ജനുവരി 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങോടെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ ആചാരങ്ങളിലും ആരാധനാ രീതികളിലും മാറ്റം വരും. ഭഗവാനെ താൽക്കാലിക ക്ഷേത്രത്തിൽ നിന്ന് ശ്രീരാമ മന്ദിരത്തിലേക്ക് മാറ്റുന്നതോടെയാണ് പൂർണ്ണതോതിൽ ചടങ്ങുകൾ ആരംഭിക്കുക.















