തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ അറസ്റ്റിലായ ഡോ. റുവൈസിനെ കുടുക്കിയത് ആത്മഹത്യ കുറിപ്പ്. താൻ വഞ്ചിക്കപ്പെട്ടുവെന്നും അവരുടെ സ്ത്രീധന മോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നു എന്നുമാണ് ഷഹ്ന അവസാനമായി കുറിച്ചതെന്ന് പോലീസ് പറയുന്നു.
എന്നാൽ റുവൈസിന്റെ പേര് കുറിപ്പിൽ പരാമർശിച്ചിട്ടില്ല. കുറിപ്പിൽ തന്നെ നേരിട്ടുള്ള തെളിവുണ്ടെന്നും സാഹചര്യ തെളിവുകൾ പ്രതിക്കെതിരാണെന്നും പോലീസ് വ്യക്തമാക്കി. ‘അവരുടെ സ്ത്രീധന മോഹം മൂലം എന്റെ ജീവിതം അവസാനിക്കുന്നു. ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സഹോദരിക്ക് വേണ്ടിയാണോ? ഞാൻ വഞ്ചിക്കപ്പെട്ടു’-ഷഹ്നയുടെ കുറിപ്പിൽ പറയുന്നു.
സുഹൃത്ത് റുവൈസിനെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ഇന്ന് വൈകുന്നേരം കോടതിയിൽ ഹാജരാക്കും. ഇന്ന് പുലർച്ചെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം, സ്ത്രീധന നിരോധന നിയമം എന്നിവ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.















