മിഷോങ് ചുഴലിക്കാറ്റ് വരുത്തിയ പ്രളയക്കെടുതിയിൽ നട്ടം തിരിയുകയാണ് ചെന്നൈയിലെ ജനങ്ങൾ. താരങ്ങളടക്കം പലരും ദുരിതത്തിൽപ്പെട്ട വാർത്തകൾ നമ്മൾ അറിഞ്ഞതാണ്. ഇക്കൂട്ടത്തിൽ പ്രളയത്തിന്റെ പ്രശ്‌നങ്ങളിൽപ്പെട്ട് ബുദ്ധിമുട്ടുകയാണ് കൊറിയോഗ്രാഫർ കലാമാസ്റ്ററും. കലാമാസ്റ്ററുടെ വീട്ടിലും അയൽവാസികളുടെ വീടുകളിലുമെല്ലാം വെള്ളം കയറിയിരിക്കുകയാണ്. എന്നാൽ ഈ സമയത്തും തന്റെ പ്രിയപ്പെട്ടവർക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് കലാമാസ്റ്റർ.
View this post on Instagram
രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി തന്റെ അയൽവാസികൾക്ക് വള്ളത്തിലെത്തി രാത്രിയിലേക്കുള്ള ഭക്ഷണവും മെഴുക് തിരികളും നൽകുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലടക്കം ശ്രദ്ധ നേടുകയാണ്. സംഭവത്തെ കുറിച്ച് കലാമാസ്റ്റർ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ. ‘എന്റെ വീടും എന്റെ അയൽപക്കവും വെള്ളപ്പൊക്കത്തിൽ മുങ്ങി, അവിടെ താമസിക്കുന്ന ധാരാളം ആളുകൾക്ക് ഭക്ഷണമോ വൈദ്യുതിയോ ഒന്നും ലഭ്യമല്ല. അതുകൊണ്ട് എല്ലാവർക്കും അത്താഴവും മെഴുകുതിരികളും നൽകാൻ വേണ്ടിയാണ് ഞാൻ എത്തിയത്. ഒപ്പം നിന്ന സുഹൃത്ത് ഗീതത്തിന് പ്രത്യേക നന്ദി, എല്ലാവർക്കും നൽകാനുള്ള ഭക്ഷണം അവരിൽ നിന്നാണ് ഞങ്ങൾക്ക് ലഭിച്ചത്.’ എന്നായിരുന്നു കലാമാസ്റ്ററുടെ കുറിപ്പ്.
അതേസമയം പ്രളയത്തിൽപ്പെട്ട് ബുദ്ധിമുട്ടുന്നവർക്ക് സഹായവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. നടൻ അജിത്തും സൂര്യയുമടക്കമുള്ള താരങ്ങളും ദുരിതാശ്വാസ സഹായങ്ങൾ നൽകി മുന്നിട്ടെത്തിയിരുന്നു.