ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയത്തിന് കാരണം പാർട്ടി പ്രവർത്തകരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെയും ഒത്തൊരുമയുടെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണ് ഈ വിജയമെന്ന് ബിജെപിയുടെ പാർലമെന്റി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ബിജെപിയുടെ എല്ലാ എം.പിമാരും മന്ത്രിമാരും വികാസ് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമാകണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഡിസംബർ 22 മുതൽ ജനുവരി 25 വരെയാണ് വികാസ് ഭാരത് സങ്കൽപ് യാത്ര നടക്കുക. താൻ മോദിയാണെന്നും തന്നെ മോദി ജി എന്ന് വിളിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞതായും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
പാർലമെന്റി പാർട്ടി യോഗത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോദി ജി കാ സ്വാഗത് ഹേ എന്ന മുദ്രാവാക്യവുമായാണ് എംപിമാർ സ്വീകരിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് യോഗത്തിലേക്ക് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്.















