പാലക്കാട്: മലമ്പുഴ കൂമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിനെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് പോലീസ്. കാനിക്കുളത്തെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിനാണ് ബാബുവിനെ കസ്റ്റഡിയിലെടുത്തത്. ജനൽ ചില്ലുകൾ അടിച്ചു തകർത്തും ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടുമാണ് യുവാവ് പരാക്രമം കാട്ടിയത്. സംഭവത്തിന് പിന്നാലെ പാലക്കാട് പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. മരുത് റോഡ് ബസ്റ്റോപ്പിന് സമീപമുള്ള വീടിന്റെ മുറിയിൽ കയറിയാണ് ഇയാൾ അക്രമം കാണിച്ചത്. വീട്ടിലെ ഉപകരണങ്ങളെല്ലാം തല്ലിതകർത്ത ശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് വീടിന് തീവയ്‌ക്കുമെന്നും ഇയാൾ ഭീഷണി മുഴക്കി. സംഭവത്തിന് പിന്നാലെ പോലീസ് സേനാംഗങ്ങൾ സ്ഥലത്തെത്തി. എന്നാൽ വീടിന്റെ ജനൽഗ്ലാസ് തകർത്ത് സേനാംഗങ്ങൾക്ക് നേരെ വലിച്ചെറിയുകയായിരുന്നു ഇയാൾ. ഗ്യാസ് സിലണ്ടർ തുറന്നുവിട്ടത് അപകട സാധ്യത വർദ്ധിപ്പിച്ചത് കാരണം പാലക്കാട് നിന്നും കൂടുതൽ ജീവനക്കാരെ എത്തിച്ചിരുന്നു. ഏകദേശം ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ വാതിൽ ചവിട്ടി തുറന്ന് ബാബുവിനെ കീഴ്പ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ വിഷയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടർന്നുള്ള വിഭ്രാന്തിയാകും കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ സംശയം. സംസ്ഥാനം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിലൂടെ രക്ഷിച്ച 23-കാരനാണ് ബാബു. മൂന്ന് സുഹൃത്തുക്കളോടൊപ്പമാണ് ബാബു കുമ്പാച്ചി മല കയറാൻ എത്തിയത്. ആദ്യം മല കയറാൻ പ്രതിസന്ധികളില്ലായിരുന്നെങ്കിലും പിന്നീട് തടസ്സം നേരിടുകയായിരുന്നു.
ഒരു കിലോമീറ്റർ ഉയരമുള്ള ചെറാട് മല കയറി മുകളിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ കനത്ത വെയിൽ മൂലം ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളില്ലാതെ ഒറ്റയ്‌ക്ക് മലകയറുകയായിരുന്നു. പിന്നീട് കൂട്ടുകാരുടെ അടുത്തേക്ക് തിരികെയിറങ്ങുമ്പോൾ കാൽ വഴുതി കുത്തനെയുള്ള മലയിടുക്കിൽ വീഴുകയായിരുന്നു. ഉയരത്തിൽ നിന്ന് 400 മീറ്ററും തറനിരപ്പിൽ നിന്ന് 600 മീറ്ററിനും ഇടയിലെ ഇടുക്കിലേക്കാണ് ബാബു വീണത്.