ന്യൂഡൽഹി: എബിവിപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രദർശനം മുൻ ദേശീയ അധ്യക്ഷൻ ഡോ. രാജ്കുമാർ പാണ്ഡേ ഉദ്ഘാടനം ചെയ്തു. സ്ഥാപക നേതാവ് ദത്താജി ഡിഡോൽക്കറുടെ ശതാബ്ദി ആഘോഷത്തിന്റെ പേരിൽ ഒരുക്കിയിരിക്കുന്ന പ്രദർശനം എട്ട് വിഷയങ്ങളെ പ്രമേയമാക്കിയാണ് വിഭാവന ചെയ്തിരിക്കുന്നത്.
ദത്താജി ഡിഡോൽക്കർ, യശ്വന്ത്റാവു കേൽക്കർ, മദൻദാസ് ദേവി എന്നീവരുടെ പരിശ്രമത്തിന്റെയും സമർപ്പണത്തിന്റെയും പാരമ്പര്യമാണ് എബിവിപിക്കുള്ളതെന്ന് പ്രദർശനം ഉദ്ഘാടനം ചെയ്ത് ഡോ. രാജ്കുമാർ പാണ്ഡേ പറഞ്ഞു. ദത്താജിയുടെ പേരിൽ നടക്കുന്ന പ്രദർശനം ഉദ്ഘാടനം ചെയ്യാൻ സാധിച്ചത് തന്റെ സൗഭാഗ്യമാണ്. വിദ്യാർത്ഥി പരിഷത്തിനെ വടവൃക്ഷമാക്കുന്നതിൽ ദത്താജിയുടെ മാർഗനിർദേശങ്ങൾ വളരെയേറെ സഹായിച്ചു. 1971ൽ ഡൽഹിയിൽ നടന്ന ദേശീയ സമ്മേളനത്തിൽ പ്രവർത്തിച്ചതിന്റെ ഓർമകളും അദ്ദേഹം പങ്കുവെച്ചു.
ഛത്രപതി ശിവാജി വീരഗാഥ, വിശ്വഗുരു ഭാരത്, ഗൗരവ്ശാലി ഭാരത്, സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം, എബിവിപിയുടെ പ്രവർത്തനങ്ങളും കാര്യപദ്ധതിയും, ദില്ലിയുടെ യഥാർത്ഥ പാരമ്പര്യവും ചരിത്രവും, രാജ്യതലസ്ഥാനത്ത് നടന്ന പ്രധാന വിദ്യാർത്ഥി സമരങ്ങൾ, വിദ്യാർത്ഥി പരിഷത്തിന്റെ 75 വർഷത്തെ അവിസ്മരണീയ യാത്ര എന്നീവയാണ് പ്രദർശനത്തിലെ പ്രമേയങ്ങൾ.