പാലക്കാട്: കശ്മീരിലുണ്ടായ നടന്ന വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. പാലക്കാട് ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്‌നേഷ് എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്. കഴിഞ്ഞ ദിവസം ശ്രീനഗറിൽ നിന്നും പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചത്. തുടർന്ന് പ്രത്യേക ആംബുലൻസിൽ മൃതദേഹങ്ങൾ ചിറ്റൂരിലെത്തിച്ചു.
അപകടത്തിൽ പരിക്കേറ്റ രാജേഷ്, സുനിൽ, ശ്രീജേഷ്, അരുൺ, അജിത്ത്, സുജീവ് എന്നിവരെയും ഇതേ വിമാനത്തിൽ നാട്ടിലെത്തിച്ചു. മൃതദേഹങ്ങൾ രാവിലെ 10 വരെ ചിറ്റൂരിലെ ടെക്‌നിക്കൽ സ്‌കൂളിൽ പൊതുദർശനത്തിന് വെക്കും. സംസ്‌കാര ചടങ്ങുകൾ രാവിലെ പത്ത് മണിക്ക് ചിറ്റൂർ മന്തക്കാട് പൊതു ശ്മശാനത്തിൽ നടക്കും.
കശ്മീരിലെ സോജില ചുരത്തിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികളുൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. യാത്ര കഴിഞ്ഞ് സോനമാർഗിൽ നിന്ന് മടങ്ങിയ സംഘമാണ് ശ്രീനഗറിലെ ദേശീയ പാതയിൽ അപകടത്തിൽപ്പെട്ടത്. വാഹനം റോഡിൽ നിന്ന് തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നു.















