തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യുവഡോക്ടർ ഡോ. ഷഹ്നയുടെ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങളിൽ പലതും പോലീസ് മറച്ചുവെച്ചെന്ന ആക്ഷേപം ഉയരുന്നു. പ്രതിയായ ഡോ. റുവൈസിന്റെ പേരും പങ്കും ആദ്യം ദിവസം മറച്ചുവെച്ച പോലീസ് ഇന്നലെ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് നിലപാട് മാറ്റിയത്.
ആവശ്യപ്പെട്ട അത്ര സ്ത്രീധനം നൽകാൻ കഴിയാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ഷഹ്ന കുറിപ്പിൽ എഴുതിയിരുന്നു. കുറിപ്പിന്റെ അടിസ്ഥാനത്തിൽ മാത്രം ആദ്യം ദിവസം തന്നെ റുവൈസിനെതിരെ പോലീസിന് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കാമായിരുന്നു. എന്നാൽ അസ്വാഭാവിക മരണത്തിന് മാത്രമാണ് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തത്. കുറിപ്പിൽ സ്ത്രീധന പ്രശ്നത്തെക്കുറിച്ച് പരാമർശമോ ആർക്കെങ്കിലുമെതിരെ ആരോപണമോ ഇല്ലെന്നായിരുന്നു പോലീസ് വാദം.
ഇന്നലെയാണ് റുവൈസിനെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഷഹ്നയുടെ സഹോദരൻ റുവൈസിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നെങ്കിലും ആദ്യം പോലീസ് ഇത് മുഖവിലയ്‌ക്കെടുത്തിരുന്നില്ല. പിന്നീട് ഷഹ്നയുടെ മാതാവും സഹോദരിയും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് റുവൈസിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയത്. തുടർന്ന് ഒളിവിൽ പോയ റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധു വീട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.















