ന്യൂ ഡൽഹി : പ്രസിദ്ധമായ കേശവാനന്ദ ഭാരതിക്കേസിലെ വിധിയുടെ വിശദവിവരങ്ങൾ നൽകുന്ന വീഡിയോകൾ വിവിധ ഇന്ത്യൻ ഭാഷകളിൽ സുപ്രീം കോടതി പുറത്തിറക്കി.വിധിയെക്കുറിച്ചുള്ള വീഡിയോ ഹിന്ദിയിലും ഇംഗ്ലീഷിലും നേരത്തെ തന്നെ ലഭ്യമായിരുന്നു. ഇപ്പോൾ തെലുങ്ക്, തമിഴ്, ഒഡിയ, മലയാളം, ഗുജറാത്തി, കന്നഡ, ബംഗാളി, ആസാമീസ്, മറാത്തി ഭാഷകളിലും ലഭ്യമാണ്. സുപ്രീം കോടതി 10 വ്യത്യസ്ത ഇന്ത്യൻ ഭാഷകളിലായി നിർമ്മിച്ച അഞ്ച് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ കേശവാനന്ദ ഭാരതി കേസിലെ വിധിയുടെ സംക്ഷിപ്ത ചരിത്രം പ്രേക്ഷകർക്ക് ലഭിക്കും.
പാർലമെന്റിന്റെ നിയമനിർമ്മാണത്തിനുള്ള അവകാശങ്ങളെക്കുറിച്ച് സുപ്രീം കോടതി 1973 ഏപ്രിൽ 24 നു പുറപ്പെടുവിച്ച വിധിയാണ് ഇപ്പോൾ വിവിധ ഭാഷകളിൽ ലഭ്യമായത്. 13 അംഗ ജഡ്ജിമാരുടെ പാനൽ 7:6 എന്ന ഭൂരിപക്ഷത്തിൽ വിധി പ്രഖ്യാപിക്കുകയായിരുന്നു.
“ഇത് കേശവാനന്ദ ഭാരതിക്കേസിലെ വിധിയുടെ അമ്പതാം വർഷമാണ്… വിധി കൂടുതൽ ജനങ്ങളിൽ എത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ കോടതിയുടെ പ്രവർത്തനം അറിയുന്നതിനും മനസ്സിലാക്കുന്നതിനും ഭാഷാ തടസ്സങ്ങൾ ആളുകളെ തടയരുത്. നേരത്തെ ഇംഗ്ലീഷിലും ഹിന്ദിയിലും വീഡിയോ ഉണ്ടായിരുന്നു. ഇപ്പോൾ ഞങ്ങൾ മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്, ”കഴിഞ്ഞ ദിവസംചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തുറന്ന കോടതിയിൽ പ്രഖ്യാപിച്ചു.
സുപ്രീം കോടതി വിധികൾ എല്ലാ ഷെഡ്യൂൾ ചെയ്ത ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യുന്നതിനുള്ള നിലവിലുള്ള പദ്ധതിക്ക് മുതൽക്കൂട്ടായിട്ടാണ് ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ ഈ വീഡിയോ പ്രസിദ്ധീകരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
“ജില്ലാ കോടതികളിലെ വ്യവഹാരങ്ങൾ കൂടുതലും അതത് പ്രദേശത്തിന്റെ പ്രാദേശിക ഭാഷയിലാണ് നടക്കുന്നതെന്ന് ഞങ്ങൾക്കറിയാം,” ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രിം കോടതി വിധികൾ അവരുടെ പ്രാദേശിക ഭാഷയിൽ വായിക്കാനും ചെയ്യാനും മനസ്സിലാക്കാനും ഉദ്ധരിക്കാനും വിവർത്തനം ചെയ്‌ത വിധികൾ ജില്ലാ കോടതി അഭിഭാഷകരെ സഹായിക്കും.
ഭാരതത്തിന്റെ ഉപരാഷ്‌ട്രപതി ജഗദീപ് ധൻഖർ കേശവാനന്ദ ഭാരതിക്കേസിലെ വിധിയെക്കുറിച്ച് മുൻപ് വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. കേശവാനന്ദ ഭാരതി കേസിലെ 1973ലെ സുപ്രിംകോടതിയുടെ വിധിയെ ഉദ്ധരിച്ച് “കേശവാനന്ദ ഭാരതി കേസ് വിധി മോശമായ ഒരു കീഴ്വഴക്കമാണെന്നും ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരത്തെ ഏതെങ്കിലും അധികാരികൾ ചോദ്യം ചെയ്താൽ,”നമ്മൾ ഒരു ജനാധിപത്യ രാഷ്‌ട്രമാണോ” എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ പ്രയാസമാണ് ബുദ്ധിമുട്ടാണെന്നും” വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ പറഞ്ഞു.
“പാർലമെന്ററി പരമാധികാരവും സ്വയംഭരണവും ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്നും എക്സിക്യൂട്ടീവിനോ ജുഡീഷ്യറിക്കോ വിട്ടുവീഴ്ച ചെയ്യാൻ അനുവദിക്കാനാവില്ലെന്നും” രാജ്യസഭാ ചെയർമാനായ ധൻഖർ പറഞ്ഞു. 2023 ജനുവരിയിൽ പ്രിസൈഡിംഗ് ഓഫീസർമാരുടെ 83-ാമത് അഖിലേന്ത്യ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്















