ഐസ്‌വാൾ: മിസോറമിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ് സോറം പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ലാൽഡുഹോമ. രാജ്ഭവനിൽ വച്ച് നടന്ന ചടങ്ങിൽ ഗവർണർ ഹരി ബാബു കമ്പംപാട്ടി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഐസ്‌വാളിൽ രാവിലെ 11 മണിയോടെയായിരുന്നു മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
#WATCH | Aizawl, Mizoram: Zoram People's Movement (ZPM) leader Lalduhoma takes oath as the Chief Minister of Mizoram as the swearing-in ceremony begins pic.twitter.com/oCMbU2xVSf
— ANI (@ANI) December 8, 2023
മിസോറമിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഫലം ഡിസംബർ 4ന് പുറത്തുവന്നിരുന്നു. ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിനെ തകർത്ത് വൻ ഭൂരിപക്ഷത്തോടെയാണ് ഇസഡ്പിഎം വിജയം കൈവരിച്ചത്. ആകെയുള്ള 40 സീറ്റിൽ 27ഉം ഇസഡ്പിഎം നേടി. മുഖ്യമന്ത്രിയായി ചുമതലയേറ്റ ഇസഡ്പിഎം നേതാവ് സേർച്ചിപ്പ് നിയമസഭാ മണ്ഡലത്തിൽ നിന്നായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. 2,982 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മിസോ നാഷണൽ ഫ്രണ്ട് സ്ഥാനാർത്ഥിയെ ലാൽഡുഹോമ പരാജയപ്പെടുത്തിയത്.
പുതിയ മുഖ്യമന്ത്രി ലാൽഡുഹോമ മുൻ ഐപിഎസ് ഓഫീസർ കൂടിയാണ്. 1977ലായിരുന്നു അദ്ദേഹം ഐപിഎസ് നേടിയത്. 1982ൽ പ്രധാനമന്ത്രി ഇന്ദിരയുടെ സുരക്ഷാ ചുമതലയുടെ ഇൻചാർജ് ആയിരുന്നു അദ്ദേഹം. ഐപിഎസ് സ്ഥാനം രാജിവച്ച ശേഷം 1984ൽ കോൺഗ്രസ് എംപിയായ ലാൽഡുഹോമ 1988 ആകുമ്പോഴേക്കും പാർട്ടി വിട്ടിരുന്നു. കൂറുമാറ്റ വിരുദ്ധ നിയമപ്രകാരം എംപി സ്ഥാനത്ത് അദ്ദേഹത്തെ അയോഗ്യനാക്കിയതിന് പിന്നാലെയാണ് കോൺഗ്രസ് വിട്ടത്.
മിസോറമിൽ രൂപപ്പെട്ട പല കലാപങ്ങളെയും അടിച്ചമർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുള്ള നേതാവായിരുന്നു ലാൽഡുഹോമ. തുടർന്നായിരുന്നു 1986ൽ മിസോറം പീസ് അക്കോർഡ് നിലവിൽ വന്നത്. ശേഷം മിസോ നാഷണൽ ഫ്രണ്ടിന് (നാഷണലിസ്റ്റ്) രൂപം നൽകുകയും1977ൽ സോറം നാഷണൽ പാർട്ടി എന്നായി പുനർനാമകരണവും ചെയ്തു. ഇസഡ്എൻപി സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം 2003ൽ ജനപ്രതിനിധിയായി.
2017ൽ സോറം നാഷണൽ പാർട്ടി ഉൾപ്പടെ ആറ് പാർട്ടികൾ ചേർന്ന് സോറം പീപ്പിൾസ് മൂവ്‌മെന്റ് എന്ന സഖ്യം രൂപീകരിച്ചു. 2018ൽ മിസോറം നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര ജനപ്രതിനിധിയായി ലാൽഡുഹോമ തിരഞ്ഞെടുക്കപ്പെട്ടു. സോറം പീപ്പിൾസ് മൂവ്‌മെന്റ് അഥവാ ഇസഡ്പിഎമ്മിനെ രാഷ്‌ട്രീയ പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കാതിരുന്നതിനെ തുടർന്നായിരുന്നു സ്വതന്ത്രനായി മത്സരിച്ചത്. 2019ൽ കമ്മീഷന്റെ അംഗീകാരം ലഭിച്ചു. തുടർന്ന് 2020ൽ എംഎൽഎ സ്ഥാനം നഷ്ടപ്പെട്ട ലാൽഡുഹോമ 2021ൽ സേർച്ചിപ്പിൽ നിന്ന് മത്സരിക്കുകയും ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുകയുമായിരുന്നു.















