തിരുവനന്തപുരം: സ്ത്രീധനമായി വൻ തുക ആവശ്യപ്പെട്ടതിനെ തുടർന്ന് യുവ ഡോക്ടർ ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ റുവൈസിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ നിന്നും സസ്പെൻഡ് ചെയ്തു. യുവഡോക്ടറുടെ ആത്മഹത്യയിൽ റുവൈസിന്റെ പങ്ക് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ദിവസമാണ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ റുവൈസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഷഹ്നയുടെ സഹോദരൻ റുവൈസിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നെങ്കിലും ആദ്യം പോലീസ് ഇത് മുഖവിലയ്‌ക്കെടുത്തിരുന്നില്ല. പിന്നീട് ഷഹ്നയുടെ മാതാവും സഹോദരിയും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് റുവൈസിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഒളിവിൽ പോയ റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധു വീട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തിന് പിന്നാലെ റുവൈസിനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് റുവൈസിനെ സസ്പെൻഡ് ചെയ്തത്. ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു നടപടി.