റിയാദ്: സൗദിയിൽ പരിശീലനത്തിനിടെ യുദ്ധവിമാനം തകർന്ന് വീണ് രണ്ട് സൈനികർ മരിച്ചു. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലാണ് പരിശീലനത്തിനിടെ റോയൽ സൗദി എയർഫോഴ്സിന്റെ യുദ്ധവിമാനം തകർന്ന് വീണത്. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കായിരുന്നു സംഭവം. റോയൽ സൗദി എയർഫോഴ്സിന്റെ എഫ്-15 എസ്എ യുദ്ധവിമാനമാണ് തകർന്നത്.
അപകടകാരണം കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണ സമിതി നടപടികൾ ആരംഭിച്ചുവെന്നും സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അപകടസമയത്ത് രണ്ട് ജീവനക്കാർ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു.
അമേരിക്കൻ നിർമ്മിത വിമാനമായ എഫ്-15 എസ്എ ആണ് പരിശീലനത്തിനിടെ തകർന്നത്. സൗദി അറേബ്യയെ കൂടാതെ ജപ്പാനും ഇസ്രായേലും എഫ്-15 യുദ്ധവിമാനം ഉപയോഗിക്കുന്നുണ്ട്.