ന്യൂഡൽഹി: ചോദ്യത്തിന് കോഴ സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ലോക്‌സഭയിൽ അവതരിപ്പിച്ചു. ശീതകാല സമ്മേളനം ആരംഭിച്ച ദിവസം ലോക്സഭയുടെ അജണ്ടയിൽ കമ്മിറ്റി റിപ്പോർട്ട് പട്ടികപ്പെടുത്തിയിരുന്നെങ്കിലും നടന്നില്ല. ടിഎംസി എംപി മഹുവ മൊയ്‌ത്രയെക്കുറിച്ചുള്ള എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട്, പാനൽ ചെയർപേഴ്‌സണും ബിജെപി എംപിയുമായ വിജയ് സോങ്കർ ആണ് ലോക്‌സഭയിൽ അവതരിപ്പിച്ചത്.
മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കണമെന്നാണ് എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നത്. ഇതേ തുടർന്ന് തൃണമൂൽ കോൺഗ്രസ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിപക്ഷം കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ 2 മണി വരെ നിർത്തിവച്ചു.
പ്രധാനമന്ത്രിയേയും വ്യവസായി അദാനിയേയും ബന്ധിപ്പിച്ച് ചോദ്യങ്ങൾ ചോദിക്കാനായി മഹുവ ഉപഹാരങ്ങൾ സ്വീകരിച്ചതും ഇതിനായി മഹുവ തന്റെ പാർലമെന്ററി ലോഗിൻ ദർശൻ ഹീരാനന്ദാനിയുമായി പങ്കുവെച്ചതുമാണ് എത്തിക്സ് കമ്മിറ്റി പരിശോധിച്ചത്. ദുബായിൽ നിന്ന് മൊയ്ത്രയുടെ ലോഗിൻ ഒന്നിലധികം തവണ ഉപയോഗിച്ചതായി തെളിഞ്ഞതിന് പിന്നാലെ ദർശൻ ഹിരാനന്ദാനിയുമായി ലോഗിൻ പങ്കുവെച്ചതായി മഹുവയ്‌ക്ക് സമ്മതിക്കേണ്ടി വന്നിരുന്നു. 2019 മുതൽ 2023 വരെ നാല് തവണയാണ് മഹുവ യുഎഇ സന്ദർശിച്ചത്. ഈ സമയങ്ങളിലുൾപ്പെടെ 47 തവണ മഹുവയുടെ പാർലമെന്റ് ലോഗിൻ ആക്സസ് ചെയ്യപ്പെട്ടതിന് കൃത്യമായ തെളിവുകൾ റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം.
നവംബർ ഒൻപതാം തിയതി നടന്ന യോഗത്തിലാണ് വിനോദ് കുമാർ സോങ്കറിന്റെ നേതൃത്വത്തിലുള്ള എത്തിക്സ് കമ്മിറ്റി മഹുവയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കാൻ ശുപാർശ ചെയ്യുന്ന റിപ്പോർട്ടിന് അംഗീകാരം നൽകിയത്. കോൺഗ്രസ് എംപി പ്രണീത് കൗർ ഉൾപ്പെടെ പാനലിലെ ആറ് അംഗങ്ങൾ റിപ്പോർട്ടിനെ അനുകൂലിച്ചപ്പോൾ നാല് പേർ എതിർപ്പ് അറിയിച്ചിരുന്നു.
മൊയ്ത്രയെ പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്ക് കത്ത് അയച്ചിരുന്നു. ആരോപണത്തെ തുടർന്ന് പാർലമെന്റ് എത്തിക്സ് കമ്മിറ്റി വിഷയം പരിശോധിക്കുകയും ചോദ്യം ചെയ്യലിനായി മൊയ്ത്രയെ വിളിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ എത്തിക്സ് കമ്മിറ്റിക്ക് മുന്നിലെത്തിയ മൊയ്ത്ര, കമ്മിറ്റി ചെയർമാനെയടക്കം അസഭ്യം പറയുകയും കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോകുകയുമായിരുന്നു.
മഹുവ മൊയ്ത്രക്കെതിരെ നടപടി എടുക്കുന്നതിന് മുൻപായി സമിതിയുടെ ശുപാർശകൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ കക്ഷികൾ ആവഷ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിന്റെ കരട് അംഗീകരിച്ചതിനാൽ, ഇതിന്മേൽ മുഴുവൻ സമയ ചർച്ച വേണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ബിഎസ്പി എംപി ഡാനിഷ് അലി പറഞ്ഞു. റിപ്പോർട്ട് പഠിക്കാൻ പാർലമെന്റ് അംഗങ്ങൾക്ക് 48 മണിക്കൂർ സമയം നൽകണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ എംപി സുദീപ് ബന്ദ്യോപാധ്യായ കത്ത് നൽകി.















