ന്യൂഡൽഹി : ഭാവിയിലെ യുദ്ധങ്ങളിൽ വ്യോമയാന മേഖലയ്‌ക്ക് വലിയ പ്രാധാന്യമുണ്ടെന്നും, ഈ സാധ്യതകളെ മുൻ നിർത്തിക്കൊണ്ട് ആളില്ലാ യുദ്ധോപകരണങ്ങളുടെ നിർമ്മാണത്തിനുള്ള കൂട്ടായ ശ്രമങ്ങൾ രാജ്യം നടത്തി വരികയാണെന്നും സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ് സംഘടിപ്പിച്ച ഏവിയോണിക്‌സ് എക്‌സ്‌പോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എത് യുദ്ധമുഖത്തും പ്രതിരോധം തീർക്കാൻ കഴിയുന്ന സാങ്കേതിക വൈദഗ്‌ദ്ധ്യം ആണ് നമുക്ക് ആവശ്യം.ആഗോള തലത്തിൽ വിതരണ ശൃഖല വലിയ വെല്ലുവിളി നേരിടുന്ന ഈ കാലത്ത് നമ്മുടെ പ്രശ്‌നങ്ങളെ സ്വയം പരിഹരിക്കാൻ പാകത്തിന് നമ്മുടെ പ്രതിരോധ മേഖലയിലെ നിർമ്മാണം മാറണം എന്നും അദ്ദേഹം പറഞ്ഞു.
56 ബില്യൺ ഡോളറിന്റ വ്യോമയാന വിപണിയാണ് 2030 ആകുമ്പോഴേക്കും ലോകം ലക്ഷ്യം വയ്‌ക്കുന്നത്. ഈ ലക്ഷ്യത്തെ മുന്നിൽ കണ്ടുകൊണ്ടു പ്രവർത്തിക്കാൻ നമുക്ക് കഴിയണം. പ്രതിരോധ മേഖലയിൽ ഭാരതത്തിന് മികച്ച സാധ്യതകളാണ് ഭാവിയിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഭാരതം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സിംഗിൾ എഞ്ചിൻ തേജസ് ഇറക്കുമതി ചെയ്യാനുള്ള സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട്നാംനൈജീരിയയും അർജന്റീനയും ഈജിപ്തും അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചുവെന്ന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ചീഫ് സി ബി അനന്തകൃഷ്ണൻ പറഞ്ഞു. ഒരു വലിയ മാറ്റത്തിന്റെ നടുവിൽ ആണെന്നും വലിയ പോരാട്ടത്തിന് തന്നെ തയ്യാറാകേണ്ടതുണ്ട് എന്നും ജനറൽ ചൗഹാൻ ചൂണ്ടിക്കാണിച്ചു.















