തിരുവനന്തപുരം : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രമേഹത്തിന് ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിച്ചതിനെ തുടർന്ന് കാൽപാദം മുറിച്ചുമാറ്റിയിരുന്നു. തുടർന്ന് സെക്രട്ടറി സ്ഥാനത്ത് നിന്നും 3 മാസത്തെ അവധിയിലായിരുന്നു കാനം.
കോട്ടയം ജില്ലയിലെ വാഴൂരിൽ വി.കെ. പരമേശ്വരൻ നായരുടെ മകനായി 1950 നവംബർ 10-നാണ് അദ്ദേഹത്തിന്റെ ജനനം. വിദ്യാർത്ഥി രാഷ്‌ട്രീയത്തിലൂടെയാണ് കാനം രാഷ്‌ട്രീയരംഗത്ത് പ്രവേശിക്കുന്നത്. വാഴൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഏഴും എട്ടും കേരള നിയമസഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എഐടിയുസി കേരള സംസ്ഥാന സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി.















