കൊൽക്കൊത്ത : പശ്ചിമ ബംഗാളിലെ മുർഷിദാബാദ് മെഡിക്കൽ കോളേജിൽ 24 മണിക്കൂറിനുള്ളിൽ ഒമ്പത് നവജാത ശിശുക്കളും രണ്ട് വയസ്സുള്ള ഒരു കുട്ടിയും മരിച്ചു. സർക്കാർ വക മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റ് (എസ്എൻസിയു) വാർഡിൽ ഡിസംബർ ആറിനും ഏഴിനും ഇടയിൽ ആകെ 10 മരണമാണ് ഉണ്ടായത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെഹ്റാംപൂർ നഗരത്തിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഇത് പ്രദേശത്ത് പരിഭ്രാന്തിക്കും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട് .
മരിച്ച കുട്ടികളിൽ മൂന്ന് പേർ മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ജനിച്ചത്. മറ്റൊരു ഡിവിഷനിൽ നിന്നും സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്യപ്പെട്ടു വന്ന മറ്റ് ശിശുക്കളുടെ നില അതീവഗുരുതരമായിരുന്നുവെന്നു പറയപ്പെടുന്നു. മരണകാരണം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ അന്വേഷണ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.
ആശുപത്രിയിൽ മരിച്ച 2 വയസ്സുള്ള കുട്ടി നാഡീസംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ വർഷം നവംബറിൽ 380 നവജാതശിശുക്കളെ മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു. ആശുപത്രിയിലായ മറ്റ് കുട്ടികളുടെ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണ്.
മരിച്ച മിക്ക കുഞ്ഞുങ്ങൾക്കും പോഷകാഹാരക്കുറവുള്ള അമ്മമാരുണ്ടായിരുന്നുവെന്നും ജനനസമയത്ത് ഭാരം വളരെ കുറവായിരുന്നുവെന്നും അതിനാൽ അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും ഡോക്ടർമാർ പറഞ്ഞു. പ്രദേശത്ത് പ്രത്യേക അണുബാധയോ മറ്റ് പെട്ടെന്നുള്ള ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെന്ന് അവർ പറഞ്ഞു.