തിരുവനന്തപുരം: സ്ത്രീധനം ചോദിക്കുന്നവരെ തള്ളിക്കളയാൻ പെൺകുട്ടികൾക്കാവണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധനത്തിനെതിരെ സമൂഹം ശക്തമായി പ്രതികരിക്കണമെന്നും ഇതിനെതിരെ വളരെയധികം ബോധവത്കരണം നടത്തണമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സ്ത്രീധനം നൽകാൻ കഴിയാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയതിൽ ആത്മഹത്യ ചെയ്ത യുവ ഡോക്ടർ ഷഹ്നയുടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീധനം ചോദിക്കുന്നവരെ വേണ്ടെന്ന് വയ്‌ക്കാൻ പെൺകുട്ടികൾക്കാവണമെന്നും ഈ സംഭവം കേരളത്തിലാണ് നടന്നതെന്നോർക്കുമ്പോൾ അതിയായ ദു:ഖമുണ്ടെന്നും ഗവർണർ പറഞ്ഞു. സ്ത്രീധനത്തിന്റെ കാര്യങ്ങളിൽ ജനങ്ങൾക്കിടയിൽ കൂടുതൽ ബോധവത്കരകണം നടത്തേണ്ടത് അത്യാവശ്യമാണ്. പെൺകുട്ടികളുടെ കുടുംബത്തിൽ നിന്നും പണം ആവശ്യപ്പെടുന്ന ആൺകുട്ടികൾ ക്രൂരമനോഭാവമുള്ളവരാണ്. ഇവരെ വേണ്ടെന്ന് വക്കാനുള്ള മനക്കരുത്ത് പെൺകുട്ടികൾക്ക് മാതാപിതാക്കൾ നൽകണമെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് ഗവർണർ ഡോ.ഷഹ്നയുടെ വീട്ടിൽ എത്തി മാതാപിതാക്കളെ കണ്ട് മടങ്ങിയത്.