ലക്നൗ: ഭാരതത്തിന്റെ ആത്മീയ ചൈതന്യം ലോകമെമ്പാടും എത്തിക്കാൻ അയോദ്ധ്യ തയ്യാറെടുക്കുകയാണ്. വാസ്തു ഭംഗികൊണ്ടും കൊണ്ടും ദൃശ്യ ചാരുത കൊണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ക്ഷേത്രം മതിവരുവോളം കാണാൻ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ. ജനുവരി 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠയ്‌ക്ക് യുപി ആകെ തയ്യാറെടുക്കുകയാണ്. പ്രത്യേക ക്ഷണിതാക്കളടക്കം പതിനായിരകണക്കിന് ആളുകളാണ് അന്നേ ദിവസം അയോദ്ധ്യയിൽ എത്തുക. അയോദ്ധ്യയിലെത്തുന്നവരെ കാത്ത് ശ്രീരാമ മന്ദിരത്തിന്റെ ചെറു പതിപ്പുകൾ കടകളിലെ നിരന്നു കഴിഞ്ഞു. തടികളിൽ കൊത്തിയെടുത്ത മാതൃകയാണ് അതിഥികൾക്കായി ഒരുക്കിയിരിക്കുന്നത്. യുപിയിലെങ്ങും ക്ഷേത്രത്തിന്റെ മനോഹരമായ ചെറു മാതൃകൾ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്.
‘മുമ്പ് യുപിയിൽ എത്തുന്ന അതിഥികൾക്കും വിഐപികൾക്കും താജ്മഹലിന്റെ പകർപ്പുകൾ സമ്മാനിക്കുന്നത് പതിവായിരുന്നു. എന്നാൽ ഇനി രാമക്ഷേത്രത്തിന്റെ ചെറിയ പതിപ്പുകളാണ് സമ്മാനിക്കുകയെന്ന് അയോദ്ധ്യ സ്വദേശിയായ കടയുടമ അജയ് കുമാർ പറഞ്ഞു. പൂർണ്ണമായും തടിയിലാണ് ക്ഷേത്ര മാതൃക കൊത്തിയെടുത്തിരിക്കുന്നത്. തടിയിൽ നിർമ്മിച്ച മാതൃക ക്ഷേത്രവുമായി നല്ല സാദൃശ്യം പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി നടക്കുന്ന പ്രത്യേക പൂജകൾ ജനുവരി 16 ന് ആരംഭിക്കും. വാരണാസിയിൽ നിന്നുള്ള പൂജാരി പണ്ഡിറ്റ് ലക്ഷ്മികാന്ത് ദീക്ഷിതാണ് പ്രധാന ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുക. ജനുവരി 14 മുതൽ ജനുവരി 22 വരെ അയോദ്ധ്യയിൽ അമൃത് മഹോത്സവം ആഘോഷിക്കുന്നുണ്ട്. ആയിരക്കണക്കിന് ഭക്തർക്ക് അന്നദാനം നടത്തുന്ന 1008 മഹായാഗവും സംഘടിപ്പിക്കുന്നുണ്ട്.
ക്ഷേത്രനഗരിയായ അയോദ്ധ്യയിൽ എത്തിച്ചേരുന്ന ഭക്തർക്കാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ പ്രാദേശിക ഭരണകൂടവും തയ്യാറെടുത്ത് കഴിഞ്ഞു. ഭക്തർക്ക് താമസ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് കൂടാരങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. സുഗമമായ ഗതാഗത സാധ്യമാക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങളും യുപിയിൽ ഒരുക്കുന്നുണ്ട്.















