കാസർകോട്: വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ അദ്ധ്യാപകനെതിരെ കേസെടുത്തു. കാസർകോട് കേന്ദ്രസർവ്വകലാശാല ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസർ ഇഫ്തിഖർ അഹമ്മദിനെതിരെയാണ് ബേക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐപിസി 354, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.
വിദ്യാർത്ഥിനികൾ പരാതി ഉന്നയിച്ചതോടെ അദ്ധ്യാപകനെ സർവകലാശാലയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. നവംബർ 13-നായിരുന്നു കേസിന് ആസ്പദമായ സംഭവം. പരീക്ഷാ ഹാളിൽ വച്ച് ബോധരഹിതയായ പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ഇതുകൂടാതെ ക്ലാസ് എടുക്കുന്ന വേളയിൽ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറുമെന്നും അശ്ലീലച്ചുവയോടെ പാഠഭാഗങ്ങൾ വായിക്കുമെന്നുമുൾപ്പടെ പരാതി ഉയർന്നിരുന്നു. നാല് വിദ്യാർത്ഥിനികളാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. തുടർന്ന് അന്വേഷണം നടത്തി അദ്ധ്യാപകനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.















