ലക്‌നൗ: വാരാണസിയിൽ 1000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിസംബർ17, 18 തീയതികളിലാണ് പ്രധാനമന്ത്രിയുടെ വാരാണസി സന്ദർശനം. മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപിയുടെ മിന്നും വിജയത്തിന് പിന്നാലെയാണ് പ്രധാനമന്ത്രി വാരാണസി സന്ദർശിക്കാനൊരുങ്ങുന്നത്. പ്രധാനമന്ത്രി ഈ ദിവസങ്ങളിൽ കാശി സന്ദർശിക്കുമെന്നും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുമെന്നും വാർത്ത സ്ഥിരീകരിച്ചുകൊണ്ട് ഡിവിഷണൽ കമ്മീഷണർ കൗശൽ രാജ് ശർമ്മ പറഞ്ഞു.
ഡിസംബർ-17ന് ബാബത്പൂർ വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി വാരാണസിയിലെ നമോ ഘട്ടിൽ മാ ഗംഗയെ പ്രാർത്ഥിച്ചതിന് ശേഷം കാശി തമിഴ് സംഗമത്തിൽ പങ്കെടുക്കും . വിക്ഷിത് ഭാരത് സങ്കൽപ് യാത്രാ എക്‌സിബിഷനും പ്രധാനമന്ത്രി അന്നേ ദിവസം സന്ദർശിച്ചേക്കുമെന്ന് ബിജെപി കാശി മേഖല അദ്ധ്യക്ഷൻ ദിലീപ് സിംഗ് പട്ടേൽ പറഞ്ഞു.
ഡിസംബർ 18 ന് വാരാണസിയിലെ സ്വാർവേദ് മന്ദിറിൽ നടക്കുന്ന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. അതിനുശേഷം വാരാണസിയിലെ സേവാപുരി മേഖലയിൽ ഒരു പൊതുറാലിയെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. വികാസ് ഭാരത് സങ്കൽപ് യാത്രയെ അടിസ്ഥാനമാക്കി ഗ്രാമങ്ങളിലെ യോഗ വേദികളിലെ പ്രദർശനം സന്ദർശിച്ച ശേഷം പ്രധാനമന്ത്രി ചില പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.















