പത്തനംതിട്ട: അയ്യപ്പ സ്വാമിയെ കാണാനും വനവിഭവങ്ങൾ സമർപ്പിക്കാനും കാടിന്റ മക്കളെത്തി. തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാർകൂടം ഉൾക്കാടുകളിലെ വിവിധ കാണി സെറ്റിൽമെന്റുകളിൽ നിന്നായി 107 പേരടങ്ങുന്ന സംഘമാണ് സന്നിധാനത്തെത്തി അയ്യനെ കണ്ടത്. ഊരുമൂപ്പനായ ഭഗവാൻകാണിയാണ് സംഘത്തിലെ ഗുരുസ്വാമി.
കാട്ടിൽ നിന്നും അയ്യപ്പന് കാഴ്ചവെക്കാനായി തേൻ, കുന്തിരിക്കം, ഈറ്റയിലും ചൂരലിലും മെനഞ്ഞെടുത്ത പൂവട്ടികൾ എന്നിവയുമായാണ് സംഘം പൂങ്കാവനത്തിലേക്ക് എത്തിയത്. എല്ലാ മണ്ഡലകാത്തും ദർശനത്തിന് എത്താറുണ്ടെന്നും വന വിഭവങ്ങൾ കാഴ്ച്ചവെക്കാറുണ്ടെന്നും ഗുരു സ്വാമി ഭഗവാൻകാണി പറഞ്ഞു.
തങ്ങളുടെ കാടിന്റെ ദൈവമാണ് കാനനവാസനായ അയ്യപ്പനെന്നും ഭഗവാന്റെ ദർശനത്തിലൂടെ എല്ലാ ഐശ്വര്യങ്ങളും തങ്ങൾക്ക് ലഭിക്കാറുണ്ടെന്നും ഗുരുസ്വാമി പറഞ്ഞു. വ്യാഴാഴ്ച്ച രാത്രിയോടെ ശബരിമലയിൽ എത്തിയ സംഘം കൺനിറയെ അയ്യനെ കണ്ട് വെളളിയാഴ്ച്ച പുലർച്ചെ നിർമ്മാല്യം തൊഴുതാണ് മലയിറങ്ങിയത്.