തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ഡോക്ടർ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുമെന്ന് ഡോ.ഷഹാന തിങ്കളാഴ്ച രാവിലെ ഡോ.റുവൈസിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. എന്നാൽ വിവരം അറിഞ്ഞിട്ടും ഇത് തടയാനോ സംസാരിക്കാനോ ഇയാൾ കൂട്ടാക്കിയില്ല.
സന്ദേശം ഫോണിലെത്തിയതിന് പിന്നാലെ ഒമ്പത് മണിയോടെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില തെറ്റിക്കാൻ കാരണമായെന്നാണ് അന്വേണ സംഘത്തിന്റെ വിലയിരുത്തൽ. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് യുവതിയെ ഫ്‌ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
അറസ്റ്റിലാകുന്നതിന് മുമ്പ് തന്നെ ഷഹന റുവൈസിന്റെ ഫോണിലേക്ക് അയച്ച സന്ദേശം ഇയാൾ ഡിലീറ്റ് ചെയ്തിരുന്നു. പിന്നീട് ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച് ഷഹനയുടെ മൊബൈലിൽ നിന്നും അന്വേഷണ സംഘം തെളിവുകൾ കണ്ടെത്തി. റുവൈസിന് പുറമെ ഇയാളുടെ അച്ഛനെയും അമ്മയെയും കൂടെ പ്രതി പട്ടികയിൽ ഉൾപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
വിവാഹത്തിന് മുന്നോടിയായി റുവൈസും ഇയാളുടെ ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കൾ ഇയാളുടെ വീട്ടിലേക്കും പോയിരുന്നു. വിവാഹ തീയതി ഉൾപ്പെടെ നിശ്ചയിച്ച ശേഷമാണ് അവസാന നിമിഷം പിന്മാറിയത്. വിവാഹം നിശ്ചയിച്ചതോടെ വീടിന്റെ പെയിന്റ് ഉൾപ്പെടെ അടിച്ച് മോടി കൂട്ടിയിരുന്നു.