ന്യൂഡൽഹി; കള്ളപ്പണം വെളുപ്പിച്ച കേസിൽ ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) ക്രിമിനൽ വകുപ്പുകൾ പ്രകാരമാണ് പ്രകാരമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കേസിൽ അറസ്റ്റിലായ മറ്റ് പ്രതികൾക്ക് പുറമെ വിവോ ഇന്ത്യയെയും പ്രതിചേർത്തിട്ടുണ്ടെന്ന് ഇഡി അറിയിച്ചു.
ലാവ ഇന്റർനാഷണൽ മൊബൈൽ കമ്പനിയുടെ എംഡി ഹരി ഓം റായ്, ചൈനീസ് പൗരനായ ഗുവാങ്വെൻ, ചാർട്ടേഡ് അക്കൗണ്ടന്റുമാരായ നിതിൻ ഗാർഗ്, രാജൻ മാലിക് എന്നിവരെയാണ് ഇഡി അറസ്റ്റ് ചെയ്തത്. തെറ്റായ രീതിയിൽ ലാഭം നേടാനുള്ള പ്രവർത്തനങ്ങളിൽ വിവോ ഏർപ്പെട്ടിരുന്നതായി ഇഡി കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ, വിവോ-ഇന്ത്യയിലും അതിന്റെ സഹസ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.
ഇന്ത്യയിൽ നികുതി അടയ്‌ക്കുന്നത് ഒഴിവാക്കാൻ വിവോ ഇന്ത്യ ചൈനയിലേക്ക് 62,476 കോടി രൂപ അനധികൃതമായി കൈമാറിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ആരോപണങ്ങൾ നിഷേധിച്ച വിവോ, തങ്ങൾ നിയമങ്ങൾ പാലിച്ചിരുന്നുവെന്നാണ് പ്രതികരിച്ചത്.















