ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി സമൂഹമാദ്ധ്യമങ്ങളിൽ സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസേഴ്‌സ് പ്രചരണം നടത്തും. ഇതിനായി സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ ആരാധക പിന്തുണയുള്ളവരെ ബന്ധപ്പെട്ടുവെന്ന് യുപിയിലെ സാംസ്‌കാരിക വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ജനുവരി 22 ന് ഉച്ചയ്‌ക്ക് 12.30-നാണ് അയോദ്ധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ നടക്കുക.
അയോദ്ധ്യ, ക്ഷേത്ര പ്രസ്ഥാനം, രാമായണം, ശ്രീരാമനുമായി ബന്ധപ്പെട്ട വിവിധ കഥകൾ എന്നിവയെക്കുറിച്ചുള്ള റീലുകളും ഷോട്ട് വീഡിയോകളുമാണ് തങ്ങളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ ഇൻഫ്‌ലുവൻസേഴ്‌സ് പങ്കുവയ്‌ക്കുക. ഇതിനായി 25 ലക്ഷം രൂപ ഉത്തർപ്രദേശ് ഭരണകൂടം ചിലവഴിക്കും. ഫേയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യുട്യൂബ് എന്നിവയിലെ റീലുകളും വീഡിയോകളും രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്‌ക്ക് വലിയ പ്രചാരണം നൽകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ ഏകദേശം 7000 വിശിഷ്ഠ വ്യക്തികൾ പങ്കെടുക്കുമെന്ന് രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ട്രസ്റ്റിയായ കാമേശ്വര ചൗപാൽ പറഞ്ഞു. ഇതിൽ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ ഉണ്ടാകും.