ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ ഉയർന്നുവരുമ്പോൾ, എല്ലാവർക്കും അതിൽ നല്ല ഒരു ഭാവി ദൃശ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുഴുവൻ ലോകത്തിന്റെയും പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ‘ആത്മനിർഭർ ഭാരത്’ എന്ന കാഴ്ചപ്പാട് ഇന്ത്യയിൽ പുതിയ അവസരങ്ങൾ കൊണ്ടുവരുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ചെങ്കോട്ടയിൽ നടക്കുന്ന ഇന്ത്യൻ ആർട്ട്, ആർക്കിടെക്ചർ & ഡിസൈൻ ബിനാലെ (ഐഎഎഡിബി) 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുഴുവൻ ലോകത്തിന്റെയും പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ‘ആത്മനിർഭർ ഭാരത്’ എന്ന അതിന്റെ കാഴ്ചപ്പാട് പുതിയ അവസരങ്ങൾ കൊണ്ടുവരുന്നുണ്ട്. ഇന്ത്യയുടെ സാമ്പത്തിക അഭിവൃദ്ധി ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുകയാണ്. ഭാരതത്തിന്റെ സംസ്കാരവും പൈതൃകവും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ഇന്നും ആകർഷിക്കുന്നു. ഇന്ത്യൻ ആർട്ട്, ആർക്കിടെക്ചർ & ഡിസൈൻ ബിനാലെ (IAADB) ഡൽഹിയിലെ സാംസ്കാരിക ഇടത്തിന്റെ ഒരു മുഖമായി മാറും. ഡൽഹി, കൊൽക്കത്ത, മുംബൈ, അഹമ്മദാബാദ്, വാരാണസി എന്നീ അഞ്ച് നഗരങ്ങളിൽ സാംസ്കാരിക ഇടങ്ങൾ സൃഷ്ടിക്കുന്നത് ചരിത്രപരമായ ഒരു ചുവടുവെയ്പ്പായിരിക്കും’.
‘പ്രാദേശിക കലകളെ സമ്പന്നമാക്കുന്നതിനുള്ള നൂതന ആശയങ്ങളും മുന്നോട്ടുവെക്കും. വാസ്തുവിദ്യാ മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിക്കണം. ഈ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിൽ സ്ത്രീകളുടെ ഭാവനയ്ക്കും സർഗ്ഗാത്മകതയ്ക്കും വലിയ പ്രാധാന്യമുണ്ട്. ഇന്ത്യയുടെ പുനരുജ്ജീവനം രാജ്യത്തിന്റെ സാംസ്കാരിക ഉന്നമനത്തിനും സംഭാവന നൽകും. വെനീസ്, സാവോപോളോ, സിംഗപ്പൂർ, സിഡ്നി, ഷാർജ ബിനാലെസ്, ദുബായ്, ലണ്ടൻ ആർട്ട് ഫെയറുകൾ തുടങ്ങിയ ആഗോള സംരംഭങ്ങൾക്കൊപ്പം ഐഎഎഡിബി(ആർക്കിടെക്ചർ & ഡിസൈൻ ബിനാലെ) പോലുള്ള ഇന്ത്യൻ സാംസ്കാരിക സംരംഭങ്ങളും ലോകമൊട്ടുകെ അറിയപ്പെടണം. സാങ്കേതികവിദ്യയെ വളരെയധികം ആശ്രയിക്കുന്ന ഒരു സമൂഹത്തിന്റെ ഉയർച്ച താഴ്ചകൾക്കിടയിൽ ജീവിതരീതി വളർത്തിയെടുക്കുന്നത് കലയും സംസ്കാരവുമാണ് എന്നതിനാൽ ഇത്തരം സംഘടനകളുടെ ആവശ്യകത വലുതാണ്’- പ്രധാനമന്ത്രി പറഞ്ഞു.