ഡൽഹി: ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ കോൺഗ്രസ് എംപി ധീരജ് കുമാർ സാഹുവിന്റെ വസതിയിൽ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെടുത്ത സംഭവത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഒഡീഷയിലും ത്സാർഖണ്ഡിലും വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ നിന്ന് 200 കോടിയിലധികം രൂപയാണ് ആദായനികുതി വകുപ്പ് കണ്ടെടുത്തത്. സംഭവത്തിൽ കോൺഗ്രസിനെതിരെ ശക്തമായ ഭാഷയിൽ കേന്ദ്രമന്ത്രി തുറന്നടിച്ചു. കോൺഗ്രസ് ഉള്ളയിടത്തെല്ലാം അഴിമതിയും ഉണ്ടെന്നാണ് അനുരാഗ് ഠാക്കൂറിന്റെ വിമർശനം.
‘എന്തുകൊണ്ടാണ് രാഹുലും സോണിയ ഗാന്ധിയും നോട്ട് നിരോധനത്തിനെതിരെ എപ്പോഴും സംസാരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ ചോദ്യം. ത്സാർഖണ്ഡിൽ കോൺഗ്രസ് നേതാവ് ധീരജ് സാഹുവിന്റെ വസതിയിൽ നിന്നും 200 കോടി രൂപ കണ്ടെടുത്തു. കോൺഗ്രസും അഴിമതിയും പണവും ഒരുമിച്ച് നീങ്ങുന്ന മൂന്ന് കാര്യങ്ങളാണ്. ജവഹർലാൽ നെഹ്‌റുവോ, രാജീവ് ഗാന്ധിയോ, ഇന്ദിരാഗാന്ധിയോ ആരും ആകട്ടെ, എല്ലാ കോൺഗ്രസ് പ്രധാനമന്ത്രിമാരുടെയും കാലത്ത് അഴിമതി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്’.
‘ഇപ്പോഴും, രാഹുലിന്റെയും സോണിയാ ഗാന്ധിയുടെയും കീഴിൽ അഴിമതികൾ നടക്കുന്നു. കോൺഗ്രസ് ഉള്ളിടത്തെല്ലാം അഴിമതിയുണ്ട്. അതുകൊണ്ടാണ് നോട്ട് അസാധുവാക്കലിനെ കുറിച്ച് കോൺഗ്രസ് ചോദ്യങ്ങൾ ഉന്നയിക്കുന്നത്. അതുകൊണ്ടാണ് ഇഡി, സിബിഐ എന്നിവയെക്കുറിച്ച് കോൺഗ്രസ് ചോദ്യങ്ങൾ ഉന്നയിക്കുന്നത്’- അനുരാഗ് ഠാക്കൂർ പറഞ്ഞു. ബൗദ് ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിലും (ബിഡിപിഎൽ) ഒഡീഷയിലും ത്സാർഖണ്ഡിലുമുള്ള മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്.















