തിരുവനന്തപുരം: അമിതമായി സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് യുവ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിന്റെ കള്ളി വെളിച്ചത്തായി. ഡോ. ഷഹ്ന ആത്മഹത്യ കുറിപ്പെഴുതിയത് ഒപി ടിക്കറ്റിന്റെ പിന്നിലല്ല മറിച്ച് നാല് പേജുള്ള എ4 പേപ്പറിലുള്ള കുറിപ്പാണ് മുറിയിൽ നിന്ന് കണ്ടെടുത്തതെന്നാണ് പോലീസ് നിലവിൽ പറയുന്നത്.
‘എല്ലാവർക്കും വേണ്ടത് പണമാണ്. എല്ലാത്തിലും വലുത് പണമാണ്’ എന്ന് മാത്രമാണ് ഒരു പേജുള്ള കുറിപ്പിലുള്ളതെന്നാണ് മെഡിക്കൽ കോളജ് പോലീസ് ആദ്യം പറഞ്ഞത്. സ്ത്രീധന പ്രശ്നമോ മറ്റാരോപണങ്ങളോ കുറിപ്പിൽ ഉന്നയിച്ചിട്ടിരുന്നില്ലെന്നുമാണ് സംഭവ ദിവസം പോലീസ് പറഞ്ഞത്. മെഡിക്കൽ കോളേജ് എസ്എച്ച്ഒ പി. ഹരിലാലാണ് ഇക്കാര്യം മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.
എന്നാൽ പ്രതിയായ റുവൈസിനെതിരെ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഇയാളുടെ പേരും പങ്കും വ്യക്തമായി പ്രതിപാദിച്ചിരുന്നുവെന്നാണ് ഹരിലാൽ തയ്യാറാക്കിയ റിപ്പോർട്ടിലുള്ളത്. ‘‘സ്ത്രീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുകയായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നര കിലോ സ്വർണവും ഏക്കർ കണക്കിന് വസ്തുവും ചോദിച്ചാൽ കൊടുക്കാൻ എന്റെ വീട്ടുകാരുടെ കയ്യിൽ ഇല്ലെന്നുള്ളത് സത്യമാണ്” തുടങ്ങിയ കാര്യങ്ങളാണ് ഷഹ്ന ആത്മഹത്യ കുറിപ്പിൽ എഴുതിയിരിക്കുന്നത്. ചിലരെ കുറിച്ച് ഗുരുതര പരാമർശങ്ങൾ കുറിപ്പിലുണ്ടെന്നും ഇത് വെളിപ്പെടുത്താൻ കഴിയില്ലെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഡപ്യൂട്ടി പോലീസ് കമ്മിഷണർ അറിയിച്ചു.
ഒപി ടിക്കറ്റിന്റെ പിന്നിലാണ് ആത്മഹത്യക്കുറിപ്പ് എഴുതിയിരുന്നതെന്നാണ് പോലീസ് ആദ്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇതിന് പിന്നാലെയാണ് പോലീസിന്റെ മലക്കം മറിച്ചിൽ. റിമാൻഡ് റിപ്പോർട്ടിനൊപ്പം ഷഹ്നയുടെ ആത്മഹത്യക്കുറിപ്പും കോടതിക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.















