ആലപ്പുഴ: കെട്ടിട നവീകരണത്തിന്റെ പേരിൽ കുഞ്ചൻ നമ്പ്യാർ തുള്ളൽ ശിൽപ്പം തകർത്തു. സാംസ്കാരിക വകുപ്പിന് കീഴിലുള്ള അമ്പലപ്പുഴയിലെ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന് മുന്നിലെ തുള്ളൽ ശിൽപ്പമാണ് തകർത്തത്. അമ്പലപ്പുഴ കിഴക്കേനടയിലെ കെട്ടിടം നവീകരിക്കുന്നതിന്റെ ഭാഗമായാണ് ശിൽപ്പം തകർത്തത്. ശിൽപം സ്ഥാപിച്ച കൽമണ്ഡപത്തിന്റെ അവശിഷ്ടങ്ങൾ തൊട്ടടുത്ത കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു.
2015-ൽ കുഞ്ചൻ നമ്പ്യാർ സ്മാരക സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായാണ് ഈ ശിൽപ്പം നിർമ്മിച്ചത്. ശിൽപ്പികളായ സി ഹണി, അനീഷ് തകഴി എന്നിവർ ചേർന്നാണ് ശിൽപ്പം നിർമ്മിച്ചത്. മൂന്ന് മാസം കെണ്ടാണ് ശിൽപ്പനിർമ്മാണം പൂർത്തിയാക്കിയത്. രാജാവിന്റെ കുതിരമാളികയിലേക്ക് കൈ ചൂണ്ടി നിൽക്കുന്ന രീതിയിലാണ് ശിൽപ്പം നിർമ്മിച്ചിരിക്കുന്നത്. ദുഃഖവും ആക്ഷേപഹാസ്യവും ഒരു പോലെ പ്രതിഫലിപ്പിക്കുന്ന ശില്പമായിരുന്നു.
അമ്പലപ്പുഴ കിഴക്കേ നടയിൽ നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചുമാറ്റി ഓഡിറ്റോറിയത്തിന്റെയും മറ്റ് കെട്ടിടങ്ങളുടെയും നിർമ്മാണം നടക്കുകയാണ്. ശിൽപ്പം തകർത്തതിന് പിന്നാലെ ശിൽപികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഒരു പോറൽ പോലുമേൽക്കാതെ ശിൽപം മറ്റൊരു സ്ഥലത്തേക്ക് മാറ്റിവയ്‌ക്കുമായിരുന്നുവെന്ന് ശില്പികൾ പ്രതികരിച്ചു.















