സംവിധായകൻ എന്ന നിലയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ് ലോകേഷ് കനകരാജ്. ലോകേഷിന്റെ ഓരോ ചിത്രത്തിനും പ്രത്യേകം ഫാൻസ് ബേസ് തന്നെയുണ്ട്. സംവിധാനത്തിൽ നിന്നും ചുവട് മാറ്റികൊണ്ട് ലോകേഷ് അവതരിപ്പിച്ച നിർമ്മാണ കമ്പനിയാണ് ‘ജി സക്വാഡ്’. ജി സക്വാഡിന്റെ ബാനറിൽ ഇറങ്ങുന്ന ആദ്യ ചിത്രമാണ് ‘ഫൈറ്റ് ക്ലബ്’.
വിജയ്കുമാർ, മോനിഷ മോഹൻ മേനോൻ എന്നിവരെ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാക്കി അബ്ബാസ് എ റഹ്‌മത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായിരിക്കുകയാണ്. ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ ഒരുങ്ങിയ ‘യാരും കാണാത’ എന്ന് തുടങ്ങുന്ന പ്രണയ ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. കപിൽ കപിലൻ, കീർത്തന വൈദ്യനാഥൻ എന്നിവർ ചേർന്ന് പാടിയ ഗാനത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയത് കാർത്തിക് നേഥയാണ്.
ആക്ഷന് പ്രധാന്യം നൽകിയിരിക്കുന്ന ചിത്രം ഈ മാസം 15-ന് ആഗോളതലത്തിൽ പ്രദർശനത്തിനെത്തും. ആദിത്യയാണ് ഫൈറ്റ് ക്ലബിന്റെ നിർമ്മാതാവ്. ലിയോൺ ബ്രിട്ടോ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് വിജയ്കുമാർ , ശശി, അബ്ബാസ് എ റഹ്‌മത് എന്നിവർ ചേർന്നാണ്.















