കൊച്ചി : ഹാദിയയായി മാറിയ മകൾ അഖിലയെ തടവിലാക്കിയിരിക്കുകയാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു വൈക്കം സ്വദേശി കെ.എം.അശോകൻ ഹൈക്കോടതിയിൽ . ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി 12 ന് പരിഗണിക്കും. മലപ്പുറം സ്വദേശി എ.എസ്.സൈനബ ഉൾപ്പെടെയുള്ളവരുടെ കസ്റ്റഡിയിലാണ് മകളെന്നാണു ഹർജിയിലെ ആരോപണം.
കഴിഞ്ഞ ഒരു മാസമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. പലപ്പോഴും ഫോൺ സ്വിച്ച് ഓഫായിരുന്നു. ക്ലിനിക്കിൽ എത്തിയപ്പോൾ അടഞ്ഞുകിടക്കുകയായിരുന്നു . വിവാഹം ചെയ്ത ഷഫിൻ ജഹാനുമായി ദാമ്പത്യ ബന്ധമില്ലെന്ന് മകൾ പറഞ്ഞിരുന്നെന്നും ഹർജിയിൽ പറയുന്നുണ്ട്.
അതേസമയം പിതാവ് തന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നാണ് അഖില ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത് . ‘ ഞാൻ ഒളിവിലല്ല, എന്റെ ഫോൺ സ്വിച്ച് ഓഫുമല്ല. എനിക്ക് വിവാഹബന്ധവുമായി മുന്നോട്ടു പോകാൻ കഴിയാതെ വന്നപ്പോൾ ഞാൻ അതിൽനിന്ന് പുറത്തുവന്നു. ഇപ്പോൾ എനിക്ക് ഇഷ്ടമുള്ള മറ്റൊരാളെ ഞാൻ വിവാഹം ചെയ്തു. മുസ്ലീം ആയി ജീവിക്കുന്നതിൽ ഞാൻ സന്തോഷവതിയാണ്. എന്റെ മാതാപിതാക്കൾക്കും ഈ പുനർവിവാഹത്തെ കുറിച്ച് അറിയാം . സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തയായ ഒരു സ്ത്രീയാണ് ഞാൻ. ‘ എന്നാണ് അഖില പറയുന്നത്.















