വിനയ്‌ഫോർട്ടിനെ നായകനാക്കി നവാഗതനായ ആനന്ദ് ഏകർഷി രചനയും സംവിധാനവും ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആട്ടം’. നിരവധി അംഗീകാരങ്ങളും അവാർഡുകളും കരസ്ഥമാക്കിയിട്ടുള്ള ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചേംബർ ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം സസ്‌പെൻസ് ത്രില്ലറാണ്. സെറിൻ ശിഹാബ്, കലാഭവൻ ഷാജോൺ, നന്ദൻ ഉണ്ണി എന്നിവരും നാടകരംഗത്ത് തിളങ്ങിയിട്ടുള്ള ഒമ്പത് അഭിനേതാക്കളുമാണ് ചിത്രത്തിലെ കഥാപാത്രങ്ങളായി എത്തുന്നത്. ജനുവരി അഞ്ചിന് ചിത്രം പ്രദർശനത്തിനെത്തും.
ഗോവൻ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിന്റെ ഉദ്ഘാടന ചിത്രമായിരുന്നു ആട്ടം. കൂടാതെ രണ്ട് ജെസി ഡാനിയേൽ പുരസ്‌കാരവും ചിത്രം നേടിയിട്ടുണ്ട്. 2023 ലെ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിപ്രായവും ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിൽ മികച്ച ചിത്രത്തിനുള്ള അവാർഡും ആട്ടം സ്വന്തമാക്കിയിട്ടുണ്ട്.
ജോയ് മൂവി പ്രൊഡക്ഷൻസിന് ബാനറിൽ ഡോ. അജിത് ജോയ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനിരുദ്ധ് അനീഷ് നിർവഹിക്കും. ബേസിൽ സിജെയാണ് ആട്ടത്തിന്റെ സംഗീത സംവിധാനം.















