ഗാന്ധിനഗർ: രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ 10 വർഷത്തിനിടെ നടത്തിയ പരിഷ്കാരങ്ങളുടെ ഫലമായി ഇന്ത്യയുടെ ജിഡിപി വളർച്ച ഉയർന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. 2023 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ രാജ്യത്തെ ജിഡിപി 7.7 ശതമാനം ഉയർന്നതായി പ്രധാനമന്ത്രി അറിയിച്ചു. ഗിഫ്റ്റ് സിറ്റിയിൽ നടന്ന ‘ ഇൻഫിനിറ്റി ഫോറം 2.0’ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
”ലോകം ഉറ്റു നോക്കുന്ന ഒരു രാജ്യമായി മാറാൻ ഇന്ന് ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കാൻ ശ്രമിക്കുന്നു. നമ്മുടെ ജിഡിപിയിൽ 7.7 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. ഇത് ഇന്നോ ഇന്നലോ സാധ്യമായതല്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ കൊണ്ടു വന്ന മാറ്റങ്ങളുടെയും വികസനങ്ങളുടെയും ഫലമായാണ് ഇത് സംഭവിച്ചിരിക്കുന്നത്. ഇനിയും നമ്മുടെ രാജ്യത്തിന് മുന്നേറാൻ സാധിക്കും.” – പ്രധാനമന്ത്രി പറഞ്ഞു. ഗിഫ്റ്റ് സിറ്റിയുടെ കീഴിൽ ഇന്ത്യ അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർബൺ രഹിത വികസനത്തിൽ പ്രധാന പങ്കാണ് ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റി വഹിക്കുന്നത്. വരും വർഷങ്ങളിൽ കാർബണിന്റെ ബഹിർഗമനം പൂർണമായും ഒഴിവാക്കി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വളർത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിനായുള്ള സുപ്രധാന നീക്കങ്ങൾ ആരംഭിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി.















