ഭുവനേശ്വർ: കടലാമകളുടെ പ്രജനനകാലം മുന്നിൽ കണ്ട് മിസൈൽ പരീക്ഷണം മാറ്റിവച്ച് ഡിഫൻസ് റിസർച്ച് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ. ഒഡീഷയിലെ വീലർ ദ്വീപിൽ നടത്താനിരുന്ന പരീക്ഷണമാണ് മാറ്റിവച്ചത്. ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണ് ഈ പരീക്ഷണം നടത്താറുള്ളത്. എന്നാൽ ഒലിവ് റിഡ്‌ലി കടലാമകളുടെ പ്രജനനകാലമായതിനാൽ പരീക്ഷണം മാറ്റിവയ്‌ക്കുകയായിരുന്നു.
വീലർ ദ്വീപിലാണ് പ്രജനനകാലത്ത് ഈ ഇനത്തിൽപെടുന്ന ആമകൾ മുട്ടയിടുന്നത്. മിസൈൽ പരീക്ഷണം നടത്തുമ്പോൾ ഉണ്ടാകുന്ന ശബ്ദങ്ങളും വെളിച്ചവും ആമകളുടെ മുട്ട നശിക്കാൻ കാരണമാകുവെന്ന് മുന്നിൽ കണ്ട് പരീക്ഷണം താത്കാലികമായി നിർത്തി വച്ചതായി ഒഡീഷ ചീഫ് സെക്രട്ടറി അറിയിച്ചു. ആമകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി പ്രജനനകാലം അവസാനിക്കുന്നതുവരെ ദ്വീപിന് സമീപമുള്ള മത്സ്യബന്ധനവും ഒഡീഷ സർക്കാർ നിരോധിച്ചിട്ടുണ്ട്. അടുത്ത വർഷം മേയ് 31 വരെയാണ് നിരോധനം ഏർപ്പെടുത്തിരിക്കുന്നത്. പ്രജനനകാലത്ത് അഞ്ച് ലക്ഷം വരെ മുട്ടകൾ റിഡ്‌ലി ഇനത്തിൽപെട്ട ആമകൾ ഇടാറുണ്ട്.















