വജ്രനഗരമാണ് സൂറത്ത്, ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഓഫീസിന്റെ ആസ്ഥാനം എന്ന പദവിയും സൂറത്തിന് തന്നെ . ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായ സൂറത്ത് ഡയമണ്ട് ബോഴ്‌സ് (എസ്‌ഡിബി) കെട്ടിടം ഡിസംബർ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
ഏകദേശം 3,500 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ കെട്ടിടത്തിന് 67 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്, കൂടാതെ ഏകദേശം 4,500 ഡയമണ്ട് ട്രേഡിംഗ് ഓഫീസുകൾ സ്ഥാപിക്കാനുള്ള ശേഷിയുമുണ്ട്. ഈ വർഷം ഓഗസ്റ്റിൽ, ഡയമണ്ട് റിസർച്ച് ആൻഡ് മെർക്കന്റൈൽ (ഡ്രീം) സിറ്റിയുടെ ഭാഗമായ ഈ കെട്ടിടം ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമായി ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയിരുന്നു. 35.54 ഏക്കർ പ്ലോട്ടിലാണ് മെഗാസ്ട്രക്ചർ നിർമ്മിച്ചിരിക്കുന്നത്.
ഒമ്പത് ഗ്രൗണ്ട് ടവറുകൾ കൂടാതെ 15 നിലകൾ കെട്ടിടത്തിലുണ്ട് . ഓഫീസ് സ്‌പേസുകൾ 300 ചതുരശ്ര അടി മുതൽ 1 ലക്ഷം ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ളതാണ് . കെട്ടിടത്തിന് ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ പ്ലാറ്റിനം റാങ്കിംഗ് ഉണ്ട് . ഉദ്ഘാടന പരിപാടിക്ക് ലോകമെമ്പാടുമുള്ള 70,000 ആളുകൾക്ക് ക്ഷണക്കത്തുകൾ അയച്ചിട്ടുണ്ട്.
നിരവധി ഡയമണ്ട് ട്രേഡിംഗ് സ്ഥാപനങ്ങൾ കഴിഞ്ഞ ഏതാനും ആഴ്ചകളായി എസ്ഡിബിയിലെ അവരുടെ ഓഫീസുകളിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു . 2015 ഫെബ്രുവരിയിലാണ് കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത് .















