ആധാർ മാർഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. വിരലടയാളം ഉപയോഗിച്ച് ആധാർ എടുക്കാൻ കഴിയാത്തവർക്ക് ഐറിസ് സ്കാൻ ചെയ്ത് ആധാറെടുക്കാം. ഈ രണ്ട് മാർഗത്തിലൂടെയും ആധാറെടുക്കാൻ കഴിയാത്തവർക്ക് പ്രത്യേകമായി സോഫ്റ്റ്‍വെയർ വഴിയും ആധാറെടുക്കാവുന്നതാണ്. നേരത്തെ ആധാർ ലഭിക്കുന്നതിന് വിരലടയാളവും ഐറിസ് സ്കാനും ആവശ്യമെന്നായിരുന്നു ചട്ടം.
ഐറിസ് സ്കാൻ പറ്റാത്തവർക്ക് വിരലടയാളം മാത്രം മതി. ഇത് രണ്ടും സാധ്യമാകാത്തവർക്കും എൻറോൾ ചെയ്യാം. പേര്, ലിംഗം, വിലാസം, ജനന തീയതി, വർഷം തുടങ്ങിയവയും ഫോട്ടോയുമടക്കം സോഫ്റ്റ്‍വെയറിൽ രേഖപ്പെടുത്തണം. അസാധാരണ എൻറോൾമെന്റായി പരിഗണിച്ച് ആധാർ നൽകണം. ഇതിനായി ആധാർ എൻറോൾമെന്റ് ഓപ്പറേറ്റർമാർക്ക് പരിശീലനം നൽകാനും കേന്ദ്ര നിർദ്ദേശമുണ്ട്.
വിരലടയാളം തെളിയാത്തതിന്റെ പേരിൽ ആധാർ നിഷേധിക്കപ്പെട്ട കോട്ടയം കുമരകത്തെ ജെസിമോളുടെ ദുരവസ്ഥ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. ഇവർക്ക് എത്രയും പെട്ടെന്ന് ആധാർ ഉറപ്പാക്കുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഉറപ്പ് നൽകിയിരുന്നു. പിന്നാലെ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) സംഘം കുമരകത്തെ വീട്ടിലെത്തി ജെസി മോൾക്ക് ആധാർ നമ്പർ അനുവദിച്ചു.