ലക്നൗ: ഹൈന്ദവ വിശ്വാസികൾക്ക് തങ്ങളുടെ ചടങ്ങുകളിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ശംഖുനാദം മുഴക്കുന്നത്. പ്രാണ പ്രതിഷ്ഠ ചടങ്ങിൽ 1,111 ശംഖുകളാകും അയോദ്ധ്യയിൽ മുഴങ്ങുക. ഒരേസമയം ഇത്രയധികം ശംഖ് മുഴക്കി റെക്കോർഡ് സൃഷ്ടിക്കാനാണ് സംഘാടകരുടെ പദ്ധതി. നോർത്ത് സെൻട്രൽ സോൺ കൾച്ചറൽ സെന്റർ (NCZCC), ഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സ് എന്നിവയുടെ നേതൃത്വത്തിലാകും മഹാ ശംഖ് ഊതൽ ചടങ്ങ് നടക്കുക.
അയോദ്ധ്യയിലെ രാംലല്ലയുടെ പ്രതിഷ്ഠ മഹോത്സവത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾക്കാണ് സർക്കാർ പദ്ധതിയിടുന്നത്. ഉത്തർപ്രദേശിലുടനീളമുള്ള 826 തദ്ദേശ സ്ഥാപനങ്ങളിലെ ക്ഷേത്രങ്ങളിൽ രാമോത്സവത്തിനും രാം പാദുക യാത്രയ്‌ക്കുമായി 100 കോടി രൂപ അനുവദിച്ചു. ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും ജനങ്ങൾക്കിടയിൽ സാംസ്കാരിക ബന്ധം സ്ഥാപിക്കുന്നതിനായാകും ‘രാം ചരൺ പാദുക യാത്ര’ നടത്തുക. 14 വർഷത്തെ വനവാസത്തിനായി പുറപ്പെട്ട് രാമൻ സഞ്ചരിച്ച വഴിയായ ‘രാം വംഗമൻ പാത’യിലൂടെയാകും യാത്ര കടന്നുപോവുക. രാജ്യവ്യാപകമായ യാത്രയിൽ രാമായണ പാരായണവും ഭജനയും സംഘടിപ്പിക്കും. ഇതിന് പുറമേ രാമകഥ പാർക്കിൽ നടക്കുന്ന ‘തൽവാർ റാസ് പരിപാടി’യിൽ 2500-ഓളം പെൺകുട്ടികൾ പങ്കെടുക്കും.
പ്രാണ പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ രാമായണം, രാമചരിതമാനസ്, ഹനുമാൻ ചാലിസ എന്നിവ തുടർച്ചയായി പാരായണം ചെയ്യും. വിവിധ സങ്കീർത്തന ട്രൂപ്പുകളാകും ഓരോ ദിവസവും പാരായണം നടത്തുക. മകരസംക്രാന്തി മുതൽ രാമക്ഷേത്രം ഉദ്ഘാടനം വരെ ഭജനകളും സുന്ദരകാണ്ഡവും അഖണ്ഡ രാമായണവും തുടർച്ചയായി പാരായണം ചെയ്യും. ജനുവരി 22-നാണ് പ്രാണ പ്രതിഷ്ഠ ചടങ്ങ്.















