തിരുവനന്തപുരം: അതിർത്തികളിലെ ചെക്ക് പോസ്റ്റുകൾ നിർത്തലാക്കണമെന്ന നിർദ്ദേശമുണ്ടായിട്ടും പാലിക്കാൻ മടിച്ച് സംസ്ഥാന സർക്കാർ. പണപ്പിരിവ് നടത്താൻ മാത്രമാണ് ഇത്തരം ചെക്ക് പോസ്റ്റുകളെന്ന ആരോപണവും ഉയരുന്നുണ്ട്.
രണ്ട് വർഷം മുൻപാണ് സംസ്ഥാനാതിർത്തികളിലെ മോട്ടോർ വാഹന ചെക്പോസ്റ്റുകൾ നിർത്തലാക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. 2021 സെപ്റ്റംബറിൽ ഇടപാടുകളെല്ലാം പരിവാഹൻ വെബ്സൈറ്റ് വഴി ഓൺലൈനായതോടെയാണ് ചെക്പോസ്റ്റുകൾ നിർത്താൻ നിർദ്ദേശിച്ചത്. കേരളത്തിലെ 19 മോട്ടോർ വാഹന ചെക്‌പോസ്റ്റുകളിൽ 22 വെഹിക്കിൾ ഇൻസ്‌പെക്ടർമാരും 70 അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്‌പെക്ടർമാരും 70 ഓഫീസ് അറ്റൻഡർമാരുമുണ്ട്. ഇവർക്കായി ലക്ഷക്കണക്കിന് രൂപയാണ് ശമ്പള ഇനത്തിൽ ചെലവഴിക്കുന്നത്. ജിപിഎസ് ഉള്ളതിനാൽ കടന്നുപോകുന്ന വാഹനങ്ങളുടെ വിശദാംശങ്ങൾ സിഡിഎസി മുഖേന മോട്ടോർ വാഹന വകുപ്പിന് ലഭിക്കും. അതുകൊണ്ട് തന്നെ ചെക്പോസ്റ്റുകൾ പ്രവർത്തിക്കുന്നത് അധിക ചെലവ് മാത്രമാണ് സൃഷ്ടിക്കുന്നത്.
നിലവിൽ ചെക്പോസ്റ്റ് ജീവനക്കാരെ എൻഫോഴ്സ്മെന്റ് വിഭാഗത്തിലേക്ക് മാറ്റണമെന്നാണ് എംവിഡി ഉദ്യോഗസ്ഥർ പറയുന്നത്. ഇത് സംബന്ധിച്ച് പഠനം നടത്താൻ നിയോഗിച്ച കേരളത്തിലെ നാല് ഡെപ്യൂട്ടി കമ്മീഷണർമാരും ചെക്പോസ്റ്റ് നിർത്തലാക്കണമെന്നാണ് റിപ്പോർട്ട് നൽകിയത്. എന്നിട്ടും അതിർത്തിയിലെ ചെക്പോസ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട്. പണ പിരിവ് നടത്തുകയാണ് ലക്ഷ്യമെന്നാണ് ഉയരുന്ന ആക്ഷേപം. ശബരിമല- മണ്ഡല കാലത്ത് മാത്രം തുറക്കുന്ന കമ്പംമേട് ചെക്പോസ്റ്റ് ഈ വർഷവും തുടങ്ങണമെന്നും അതിനായി പണം നൽകണമെന്നും ഇടുക്കി ആർടിഒ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ നിർദ്ദേശമുള്ളതിനാൽ സാധിക്കില്ലെന്ന് മധ്യമേഖലാ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.















