ധാർമികതയും ചിന്തകളുമാണ് മാദ്ധ്യമപ്രവർത്തകരുടെ മികച്ച ആയുധമെന്ന് ഓർമ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം സന്ദർശിച്ച വേളയിൽ സന്ദർശക പുസ്തകത്തിലെഴുതിയ ഹിന്ദി കവിതയിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം ഓർമ്മിപ്പിച്ചത്.
ആചാർ, വിചാര് ഔർ അബ് സമാചാർ (ധാർമ്മികത, ചിന്തകൾ, ഇപ്പോൾ വാർത്തകൾ) എന്ന വരിയിയോടെയാണ് കവിത ആരംഭിക്കുന്നത്.
“ആചാർ, വിചാര് ഔർ അബ് സമാചാർ
അസ്തിത്വ കാ, ആത്മതത്വ കാ
ഐസാ സംഘർഷ് ഹേ
ജിസമേ ജീന ഭീ ഹൈ
ഔർ ജീതാന ഭീ ഹൈ
ഉത്തം അസ്ത്ര, ശാസ്ത്ര ഹൈ
ആചാർ ഔർ വിചാര്”
എന്നാണ് ഡൽഹിയിലെ പിടിഐ സന്ദർശിച്ച വേളയിൽ പ്രധാനമന്ത്രി എഴുതിയത്.
മാദ്ധ്യമ പ്രവർത്തനമെന്നത് ഒരു പോരാട്ടമാണ്. ഒരു സ്വയം പോരാട്ടം, അസ്തിത്വത്തിന്റെ പോരാട്ടം. നാം അതിൽ ജീവിക്കണം. ഒപ്പം ജയിച്ചിടേണം. അതിനുള്ള മികച്ച ആയുധങ്ങൾ ധാർമ്മികതയും ചിന്തകളും ആകണം. എന്നാണ് അദ്ദേഹമെഴുതിയ കവിതയുടെ സാരാംശം.
2014-ൽ പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായാണ് നരേന്ദ്ര മോദി ഒരു ന്യൂസ് ഏജൻസി സന്ദർശിക്കുന്നത്. പിടിഐ പുതുതായി ആരംഭിച്ച വീഡിയോ സർവീസിൽ അദ്ദേഹം ഏറെ താത്പര്യം പ്രകടിപ്പിച്ചു.















