പ്രശാന്ത് നീലിന്റെ സംവിധാനത്തിലൊരുങ്ങിയ സലാറിന്റെ റിലീസ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പ്രശാന്ത് നീലിന്റെ സംവിധാനവും ഹോംബാലെ ഫിലിംസിന്റെ ബ്രഹ്‌മാണ്ഡ ചിത്രമെന്ന പ്രത്യേകതയും സിനിമയ്‌ക്കുണ്ട്. ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രം പുതിയ റെക്കോർഡുകൾ തീർക്കുമെന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേഷനാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
സലാറിന്റെ സെൻസറിംഗ് കഴിഞ്ഞ ദിവസമായിരുന്നു പൂർത്തിയയത്. എ സര്‍ട്ടിഫിക്കറ്റാണ് സലാറിന് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 55 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നുമാണ് റിപ്പോര്‍ട്ട്. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് രക്തച്ചൊരിച്ചിലുകളുള്ള രംഗങ്ങള്‍ നിരവധി ഉള്ളതുകൊണ്ടാകാം എന്നാണ് സൂചന.
#Salaar Censored “A”
Runtime 2hrs 55mins pic.twitter.com/tibmh41hU5— Karthik Ravivarma (@Karthikravivarm) December 9, 2023
തെന്നിന്ത്യൻ ആക്ഷൻ സൂപ്പർസ്റ്റാർ പ്രഭാസും മലയാളികളുടെ സ്വന്തം പൃഥ്വിരാജും ഒന്നിക്കുന്നതുകൊണ്ട് തന്നെ ഇന്ത്യയൊട്ടാകെ ചിത്രത്തിനായുള്ള കാത്തിരിപ്പ് ചെറുതല്ല. ചിത്രം രണ്ട് ഭാഗങ്ങളായാകും എത്തുക. ആദ്യ ഭാഗമായ സലാർ പാർട്ട് 1- സിസ് ഫയർ ഈ മാസം 22ന് ലോകമൊട്ടാകെ റിലീസ് ചെയ്യും. സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും, മാജിക് ഫ്രെയിംസും ചേർന്നാണ്.
രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ പറയുന്നത്. ചിത്രത്തിൽ ശ്രുതി ഹാസനാണ് നായികയായെത്തുന്നത്. ആക്ഷന് പ്രധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ പ്രഭാസിനൊപ്പം വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ജഗപതി ബാബു, ഈശ്വരി റാവു, ബോബി സിൻഹ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കെജിഎഫിന് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് സലാർ. അതുകൊണ്ട് തന്നെ ആരാധകർ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. സലാറിന് ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.















