കോഴിക്കോട്: ലോകത്തിലെ ദുരന്തം അനുഭവിക്കുന്ന ജനതയ്ക്ക് മുഴുവൻ അഭയം കൊടുത്ത ഏക രാജ്യം ഭാരതമാണെന്ന് ആർഎസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യൻ ഇന്ദ്രേഷ് കുമാർ. മത ന്യൂനപക്ഷങ്ങളും രാഷ്‌ട്രീയ സ്വയംസേവ സംഘവും എന്ന വിഷയത്തിൽ കോഴിക്കോട് കേസരി ഭവനിൽ നടത്തിയ പ്രഭാഷണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭാരതം എന്നും ദുരിതമനുഭവിക്കുന്നവരോടൊപ്പമാണ് നിൽക്കുന്നത്. ഭാരതത്തിന്റെ രക്ഷാകരങ്ങൾ ലോകത്തിന്റെ ഏതുകോണിലേക്കും എത്തിയിട്ടുണ്ട്. ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ തുടങ്ങി ലോകത്തിലെ മിക്ക രാജ്യങ്ങളിലെയും ദുരിതബാധിതർക്ക് എന്നും ആശ്രയ കേന്ദ്രം ഒരുക്കിയ പാരമ്പര്യമാണ് ഭാരതത്തിനുള്ളതെന്നും ഇന്ദ്രേഷ് കുമാർ അഭിപ്രയപ്പെട്ടു.
ചടങ്ങിൽ അഹമ്മദീയ മുസ്ലിം ജമാഅത്ത് അഭ്യന്തര കാര്യ സെക്രട്ടറി മുഹമ്മദ് സലീം അദ്ധ്യക്ഷത വഹിച്ചു. മുൻ ന്യൂനപക്ഷ കമ്മീഷൻ അംഗം വി.വി. അഗസ്റ്റിൻ മുഖ്യാതിഥിയായി. കേസരി വാരികയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ചാണ് കോഴിക്കോട് കേസരി ഭവന്റെ നേതൃത്വത്തിൽ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്.















