ശ്രീനഗർ: ഭീകരവാദത്തേയും വിഘടനവാദത്തേയും പിന്തുണച്ച് കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ ഒൻപത് പേർക്കെതിരെ നടപടി സ്വീകരിച്ച് കശ്മീർ പോലീസ്. അനന്ത്‌നാഗ്, പുൽവാമ, ബുദ്ഗാം, ബാരാമുള്ള, ബന്ദിപോറ, ഗന്ദർബൽ ജില്ലകളിലെ യുവാക്കൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പ്രകോപനപരവും രാജ്യദ്രോഹപരവുമായ സന്ദേശങ്ങൾ ഉൾപ്പെട്ട വീഡിയോ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തതിനാണ് യുവാക്കൾക്കെതിരെ നിയമ നടപടി സ്വീകരിച്ചതെന്ന് പോലീസ് അറിയിച്ചു.
ഭീകരവാദം, വിഘടനവാദം, വർഗീയ സംഘർഷങ്ങൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്ന എന്തെങ്കിലും തരത്തിലുള്ള പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യരുതെന്ന് കാണിച്ച് ജമ്മുകശ്മീർ പോലീസ് മാർഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഈ നിർദ്ദേശങ്ങൾ മുഖവിലക്കെടുക്കാതെയാണ് യുവാക്കൾ ഭീകരവാദം പിന്തുണക്കുന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടത്. ഇത് ജമ്മുകശ്മീർ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി.
ഭീകരവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ചിത്രങ്ങൾ, വീഡിയോ, ഓഡിയോ എന്നിവ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുമെന്ന് ഡിജിപി ആർആർ സ്വയിൻ മുന്നറിയിപ്പ് നൽകിയിരുന്നു. ജമ്മുകശ്മീരിലെ സമാധാനാന്തരീഷം തകർക്കാൻ ഭീകരർ ശ്രമിക്കുന്നുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിനായി ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും ഡിജിപി നിർദ്ദേശിച്ചിരുന്നു.