2023 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. പുതിയ വർഷത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ കഴിഞ്ഞു പോയ നാളുകൾ നമുക്ക് സമ്മാനിച്ച സന്തോഷങ്ങളും ദുഃഖങ്ങളും ഓർത്തെടുക്കുക പതിവാണ്. ഒരുപിടി ഗംഭീര ചിത്രങ്ങൾ സൃഷ്ടിക്കപ്പെട്ടു എന്നതും ദേശീയ-അന്തർദേശീയ പുരസ്കാര വേദികളിൽ മലയാളി സാന്നിധ്യം മിന്നി തിളങ്ങി എന്നതുമെല്ലാം മലയാള സിനിമയെ സംബന്ധിച്ചിടത്തോളം 2023 വർഷത്തെ സന്തോഷ നിമിഷങ്ങളാണ്.
എന്നാൽ അതിലേറെ, മലയാള സിനിമയ്‌ക്കും സിനിമാ പ്രേമികൾക്കും കലാസ്വാദകർക്കും തീരാ നോവായ് 2023 മാറുന്നത് നമ്മെ വിട്ടുപോയ കുറച്ചധികം പ്രതിഭകളുടെ മുഖം മനസിൽ തെളിയുമ്പോഴാണ്. 2023 തുടക്കം മുതൽക്കെ കണ്ണീരോടെയല്ലാതെ സിനിമാ പ്രേമികൾക്ക് മലയാള സിനിമയെ ഓർക്കാൻ കഴിയില്ല.
2023-ൽ മലയാള സിനിമാ പ്രേക്ഷകരെ വിട്ടുപിരിഞ്ഞ കലാ പ്രതിഭകളെ ഓർത്തെടുക്കാം,
സുബി സുരേഷ്

നടിയും ടെലിവിഷൻ അവതാരകയും ഹാസ്യ കലാകാരിയുമായ സുബി സുരേഷിന്റെ വിയോഗം മലയാളികളെ ഞെട്ടിച്ചു. 2023 ഫെബ്രുവരി 22-ന് കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു സുബിയുടെ അന്ത്യം. കരൾ രോഗം കടുത്തതാണ് മരണ കാരണം.
ഇന്നസെന്റ്

മലയാളികളുടെ ഹാസ്യ സാമ്രാട്ടും ചാലക്കുടി മുൻ എംപിയുമായിരുന്ന ഇന്നസെന്റിന്റെ വിയോഗം മലയാളികൾക്ക് തീരാ നോവാണ്. ക്യാൻസറിനെ കരുത്തോടെ ചെറുത്ത ഇന്നസെന്റ്, ഒരു നടൻ എന്നതിലുപരി ജനങ്ങൾക്ക് ഒരു കരുത്തുറ്റ മനുഷ്യൻ കൂടിയായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 2023 മാർച്ച് 26-നാണ് ഈ മഹാപ്രതിഭ വിട ചൊല്ലിയത്.
മാമുക്കോയ

കോഴിക്കോടൻ സംഭാഷണ ശൈലിയിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഹാസ്യ രാജാവ്. ഹാസ്യ കഥാപാത്രങ്ങൾ വളരെ തൻമയത്തോടെ അവതരിപ്പിച്ച മലയാളികളുടെ പ്രിയപ്പെട്ട മാമുക്കോയ വിടപറഞ്ഞത് 2023 ഏപ്രിൽ 26-ന് ആയിരുന്നു. കാൻസർ രോഗത്തിന് ചികിത്സ തേടിയിരുന്നു അദ്ദേഹം.
ഹരീഷ് പേങ്ങൻ

സമീപകാലത്തെ മലയാള ചിത്രങ്ങളിൽ ഹാസ്യരസ പ്രധാനമായ റോളുകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച നടനായിരുന്നു ഹരീഷ് പേങ്ങൻ. വളരെ കുറച്ച് സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഈ കലാകാരൻ മെയ് 30-നാണ് അന്തരിച്ചത്. ഗുരുതര കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കൊല്ലം സുധി

മലയാളം ടെലിവിഷൻ, സ്റ്റേജ്, സിനിമ താരവും മിമിക്രി ആർട്ടിസ്റ്റുമായിരുന്ന് കൊല്ലം സുധി മരണപ്പെട്ടത് കാർ അപകടത്തിലാണ്. അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. 2023 ജൂൺ 5-ന് തൃശൂർ കൈപ്പമംഗലത്ത് വെച്ചുണ്ടായ അപകടത്തിലാണ് സുധി മരണപ്പെട്ടത്.
കസാൻ ഖാൻ

വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചതനായ കസാൻ ഖാന്റെ മരണം ഹൃദയാഘാതത്തെ തുടർന്നായിരുന്നു. ദി കിംഗ്, വർണ്ണപ്പകിട്ട്, ജനാധിപത്യം, ദി ഗാങ്, സി ഐ ഡി മൂസ, ക്രിസ്ത്യൻ ബ്രദേഴ്‌സ്, മായാമോഹിനി, മാസ്റ്റേഴ്‌സ്, രാജാധിരാജ, ലൂസിഫർ ഉൾപ്പെടെ നിരവധി മലയാള ചിത്രങ്ങളിൽ വേഷമിട്ട കസാൻ ഖാൻ ജൂൺ 12-നാണ് മരണപ്പെടുന്നത്.
പൂജപ്പുര രവി

മലയാള സിനിമകളുടെ തുടക്ക കാലങ്ങളിൽ ഹാസ്യ വേഷങ്ങൾ ചെയ്തിരുന്ന പൂജപ്പുര രവി എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന രവീന്ദ്രൻ നായരും ജൂൺ മാസത്തിലാണ് വിട ചൊല്ലുന്നത്. 2023 ജൂൺ 18-ന് ഇടുക്കിയിലെ മറയൂരിലുള്ള മകളുടെ വസതിയിൽ 86 -ആം വയസിലാണ് അന്ത്യം.
കൈലാസ് നാഥ്

മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള കലാകാരനായിരുന്നു കൈലാസ് നാഥ്. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. 2023 ഓഗസ്റ്റ് 3-നാണ് താരത്തിന്റെ അന്ത്യം.
സിദ്ദിഖ്

സൗമ്യനായ മുഖം അതായിരുന്നു സംവിധായകൻ സിദ്ദിഖ്. മലയാളികളെ കുടുകുടാ ചിരിപ്പിച്ച കുറേയേറെ സിനിമകൾ സമ്മാനിച്ച സിദ്ധിക്ക് ഇസ്മായിൽ എന്ന സിദ്ധിക്കിന്റെ വിയോഗം മലയാള സിനിമയ്‌ക്ക് തീരാനഷ്ടമാണ്. 2023 ആഗസ്റ്റ് 8-ന് സിദ്ദിഖ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം.
അപർണ നായർ

സിനിമ-സീരിയൽ താരം അപർണാ നായരുടെ മരണം മലയാളികളെ ഞെട്ടിച്ചു. ഓഗസ്റ്റ് 31-ന് വീട്ടിനുളളിൽ തൂങ്ങി മരിച്ച നിലയിലാണ് നടിയെ കണ്ടെത്തിയത്.
കുണ്ടറ ജോണി

മലയാള സിനിമകളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ താരമാണ് കുണ്ടറ ജോണി. 500-ലധികം സിനിമകളിൽ വേഷമിട്ട ജോണി, 2023 ഒക്ടോബർ 17-നാണ് അന്തരിച്ചത്.
രഞ്ജുഷ മേനോൻ

സിനിമ-സീരിയൽ നടി രഞ്ജുഷ മേനോനെ ഒക്ടോബർ 30-ന് ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ബോംബെ മാർച്ച്, കാര്യസ്ഥൻ, വൺവേ ടിക്കറ്റ്, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
കലാഭവൻ ഹനീഫ്

2023 നവംബർ 9-നാണ് സിനിമ താരവും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 150-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.
വിനോദ് തോമസ്

സിനിമ- സീരിയല്‍ താരം മീനടം കുറിയന്നൂര്‍ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നവംബർ 18-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
സുബ്ബലക്ഷ്മി

മലയാള സിനിമയുടെ പ്രിയ മുത്തശ്ശിയെ നഷ്ടമായതും 2023-ൽ. മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയയായ സുബ്ബലക്ഷ്മി നവംബർ 30-ന് തന്റെ 87-ാം വയസിലാണ് അന്തരിച്ചത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.















