ഒരുകാലത്ത് രാവിലെ 10 മുതൽ വൈകിട്ട് 5 വരെയായിരുന്നു ജോലിസമയം. എന്നാൽ ഇപ്പോൾ ജോലി 24 /7 എന്ന സമയക്രമത്തിലാണ് നടക്കുന്നത്. സമ്പദ് വ്യവസ്ഥ വളർന്നു കൊണ്ടിരിക്കുമ്പോൾ ഏതാണ്ട് എല്ലാ മേഖലകളിലും ഇതുതന്നെയാണ് സ്ഥിതി. മാറുന്ന തൊഴിൽ സാഹചര്യങ്ങളിൽ രാത്രികളിൽ ജോലി ചെയ്തേ മതിയാകൂ എന്നതാണ് വസ്തുത. തൊഴിൽപോലെതന്നെ ആരോഗ്യവും പ്രധാനമാണ്.എന്നാൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ആരോഗ്യപരമായ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. നിരന്തരമായി രാത്രിജോലി ചെയ്യേണ്ടി വരുന്ന ആളുകൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം.

ദീർഘകാലാടിസ്ഥാനത്തിൽ രാത്രിസമയ ജോലി ചെയ്യേണ്ടി വരുന്നവർക്ക് പ്രമേഹം, അമിതഭാരം, ദഹനനാളത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, ഹോർമോൺ വ്യതിയാനം, അസിഡിറ്റി, തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് രാത്രിജോലി ചെയ്യുന്നവർ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനോ കുറയ്ക്കാനോ വേണ്ടി ചില മുൻകരുതലുകൾ എടുക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.
ടൈം മാനേജ്മെന്റ്.
നിങ്ങൾ സ്ഥിരമായോ കൃത്യമായ ഇടവേളകളിലോ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരാണെങ്കിൽ ഒരു ടൈംടേബിൾ ശരിയാക്കുന്നതാണ് നല്ലത്. അതിൽ കൃത്യമായി നിങ്ങളുടെ ഉറക്കം, വ്യായാമം, വീട്ടുജോലികൾ, മറ്റു പ്രധാനപ്പെട്ട ജോലികൾ, എന്നിവയ്ക്ക് അലോട്ട് ചെയ്യുന്ന സമയം രേഖപ്പെടുത്തണം. അങ്ങനെ വെറുതെ രേഖപ്പെടുത്തിയാൽ മാത്രം പോരാ അതിനെ കൃത്യമായി പിന്തുടരുകയും വേണം. അങ്ങനെ ചെയ്താൽ നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ ജോലികളും കൃത്യസമയത്ത് പൂർത്തിയാക്കാനും ആരോഗ്യകരമായ ഒരു ജീവിതം ഉറപ്പുവരുത്താനും കഴിയും.

മതിയായ ഉറക്കം.
രാത്രി ഷിഫ്റ്റ് ജോലി ചെയ്യുന്നവർ പകൽ സമയത്ത് വേണ്ടത്ര ഉറങ്ങണം. രാത്രിയിൽ ജോലി ചെയ്യുമ്പോൾ പകലും ജോലി ചെയ്യാൻ വേണ്ടിയല്ല, ഉറങ്ങാൻ വേണ്ടിയാണ് എന്നുള്ള തിരിച്ചറിവ് നിങ്ങൾക്ക് ഉണ്ടായേ പറ്റൂ. ഉറക്കക്കുറവ് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. അത് നിങ്ങളുടെ മുന്നോട്ടുള്ള ഗതിയെ തടസ്സപ്പെടുത്തും. നിങ്ങളെ ദുർബലനാക്കും. രാത്രിയിൽ സജീവമായി പ്രവർത്തിക്കാൻ പകൽ സമയത്ത് വേണ്ടത്ര ഉറങ്ങിയേ മതിയാവൂ.

ഭക്ഷണകാര്യങ്ങൾ ശ്രദ്ധിക്കുക.
അസിഡിറ്റി, ദഹനക്കേട്, എന്നിവ രാത്രി തൊഴിലാളികൾ നേരിടുന്ന സാധാരണ പ്രശ്നങ്ങൾ ആണ്. ഇവ അമിത വണ്ണത്തിനും മറ്റ് അസ്വസ്ഥതകൾക്കും ഇടയാക്കും. അതുകൊണ്ട് രാത്രിയിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുക. എന്തുവിലകൊടുത്തും രാത്രി ഷിഫ്റ്റിൽ ജങ്ക് ഫുഡ് ഒഴിവാക്കിയേ മതിയാകൂ. രാത്രിയിൽ ലഘു ഭക്ഷണം കഴിക്കുക. വറുത്ത ഭക്ഷണം കഴിക്കരുത്. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തണം. രാത്രി ജോലിക്ക് ഇടയിലും ഒന്നോ രണ്ടോ പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്.

വ്യായാമം.
നൈറ്റ് ഷിഫ്റ്റ് ചെയ്യുന്നവർക്ക് അതിരാവിലെ വ്യായാമം ചെയ്യാൻ കഴിയില്ല എന്നതാണ് വസ്തുത. പക്ഷേ ദൈനംദിനമായി ഒരു സമയം നിശ്ചയിച്ച് 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക. യോഗ ചെയ്യാൻ ഒരു നിശ്ചിത സമയം കണ്ടെത്തുക. രാത്രി ജോലി ചെയ്യുന്നത് ശാരീരിക പ്രവർത്തനങ്ങൾ കുറയ്ക്കുന്നു. തൽഫലമായി ആരോഗ്യ പ്രശ്നങ്ങൾ അവിടെ നിന്ന് ആരംഭിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ ശാരീരിക പ്രശ്നങ്ങൾ കൃത്യമായി നടക്കാൻ വേണ്ടി ദിവസവും കുറച്ച് സമയം വ്യായാമത്തിന് നീക്കിവെക്കണം.

ആവശ്യത്തിന് വെള്ളം കുടിക്കുക
ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം രാത്രിയിൽ ഊർജ്ജം നിലനിർത്താൻ ജലാംശം നിലനിർത്തേണ്ടത് ആവശ്യമാണ്. പക്ഷേ നൈറ്റ് ഷിഫ്റ്റ് തൊഴിലാളികൾ ചായയും കാപ്പിയും ആണ് കൂടുതൽ താല്പര്യപ്പെടുന്നത്. ഇത് ശരീരത്തെ എല്ലാ രീതിയിലും ദോഷകരമായി ബാധിക്കുന്നു. രാത്രിയിൽ വെള്ളം കൂടുതൽ കുടിക്കണം.

കുടുംബത്തിന്റെ പിന്തുണ.
രാത്രിജോലിചെയ്യുന്നവർക്ക് കുടുംബത്തിന്റെ പിന്തുണ തീർച്ചയായും ഉണ്ടായിരിക്കണം. ഓഫീസിൽ ടെൻഷൻ ഇല്ലാതെ ജോലി ചെയ്യാൻ കുടുംബത്തിന്റെ പിന്തുണ അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള വീട്ടിൽ കുട്ടികളുടെ ഭക്ഷണം, ഉറക്കം, മറ്റു ജോലികൾ എന്നിവയുടെ കാര്യത്തിൽ ഭാര്യയും ഭർത്താവും പരസ്പരം പിന്തുണയ്ക്കണം.















