തിരുവനന്തപുരം: സബ്‌സിഡി നിരക്കിൽ ആവശ്യ സാധനങ്ങൾ നൽകുന്നതിൽ വീഴ്ച സംഭവിച്ചതിന് പിന്നാലെ പിടിച്ചുനിൽക്കാൻ മദ്യവിൽപ്പന സാധ്യത തേടി സപ്ലൈകോ. സാമ്പത്തിക പ്രതിസന്ധി മൂലം ക്രിസ്തുമസ് വിപണി തുടങ്ങുന്നതിലുൾപ്പെടെ അനിശ്ചിതത്വം നിലനിൽക്കെയാണ് പുതിയ നീക്കത്തിന് സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്.
കൺസ്യൂമർഫെഡിനെ മാതൃകയാക്കി മദ്യവിൽപ്പന ആരംഭിക്കുന്നതിനുള്ള പ്രാഥമിക പഠനം ആരംഭിച്ചു. സർക്കാരിന്റെ നിയമപരമായുള്ള അംഗീകാരം ലഭിച്ചാലുടൻ ഇതിൽ നീക്കമുണ്ടാകും. ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകൾ കഴിഞ്ഞാൽ സംസ്ഥാനത്ത് കൺസ്യൂമർഫെഡിനാണ് ചെറുകിട മദ്യവിൽപ്പന കേന്ദ്രങ്ങളുള്ളത്. നിലവിൽ 41 ചില്ലറ വിൽപ്പന കേന്ദ്രങ്ങളും മൂന്ന് വൈൻ ഷോപ്പുകളുമാണ് കൺസ്യൂമർഫെഡിനുള്ളത്.
ജില്ലകളിൽ മുഴുവൻ പൊതുവിതരണ വിൽപ്പന കേന്ദ്രങ്ങളുള്ള സപ്ലൈകോയ്‌ക്ക് മദ്യക്കച്ചവടത്തിനും സൗകര്യം ഏർപ്പെടുത്തിയേക്കും. ബിവറേജസിൽ നിന്നും ഇത്തരത്തിൽ ലഭിക്കുന്ന മദ്യത്തിന് 20 ശതമാനം ലാഭമെടുക്കാവുന്നതാണ്.















