കൊല്ലം: പോലീസ് ഉദ്യോഗസ്ഥരെയും അന്വേഷണ സംഘത്തെയും മണിക്കൂറുകളോളം വലച്ച് വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ. തന്നെ ഒരു സംഘം ആളുകൾ ചേർന്ന് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചുവെന്നായിരുന്നു വിദ്യാർത്ഥിയുടെ മൊഴി. എന്നാൽ സംഭവത്തിന് പിന്നാലെ ഉണ്ടായ അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോകൽ നാടകത്തിന്റെ കഥയാണ് പുറത്ത് വന്നത്. കൊല്ലം ചവറയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
വെള്ളിയാഴ്ച ട്യൂഷൻ കഴിഞ്ഞ് മടങ്ങവെ തന്നെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നായിരുന്നു കുട്ടി വീട്ടുകാരെ അറിയിച്ചത്. സംഭവത്തിന് പിന്നാലെ കുടുംബം പോലീസിൽ പരാതി നൽകി. കാവിന് സമീപത്ത് നിന്നായി രണ്ട് പേർ നടന്ന് വന്നുവെന്നും പിന്നാലെ ഒരു കാറെത്തിയെന്നുമായിരുന്നു കുട്ടി പറഞ്ഞത്. ഇവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് കുട്ടി പറയുന്നു.
സംഭവം നടന്നെന്ന് പറയുന്ന കാവിന് സമീപത്ത് പുറത്തുനിന്നുമുള്ള ആളുകൾ പതിവായി എത്താറുണ്ട്. ഇത്തരത്തിൽ ആരെങ്കിലും എത്തിയപ്പോൾ കുട്ടി തെറ്റിദ്ധരിച്ചതാകാം എന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാൽ പിന്നീട് കുട്ടിയെ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിലെ ട്വിസ്റ്റ് പുറത്തു വരുന്നത്. ട്യൂഷന് പോകുന്നതിനുള്ള മടി മൂലം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് കഥ ഉണ്ടാക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പോലീസിനോട് പറഞ്ഞു.















