റായ്പൂർ ; വിഷ്ണുദേവ് സായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി പദവിയിലേയ്‌ക്ക് . സംസ്ഥാനത്തെ ആദ്യ വനവാസി മുഖ്യമന്ത്രി കൂടിയാണ് വിഷ്ണുദേവ് സായി. ഞായറാഴ്ച റായ്പൂരിൽ നടന്ന ബിജെപി എംഎൽഎ യോഗത്തിലാണ് അദ്ദേഹത്തിന്റെ പേര് അംഗീകരിച്ചത്. രാഷ്‌ട്രീയത്തിൽ, ക്ലീൻ ഇമേജും നീണ്ട രാഷ്‌ട്രീയ പരിചയവുമുളള നേതാവാണ് വിഷ്ണുദേവ് സായി.
ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി അർജുൻ മുണ്ട, കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, ദുഷ്യന്ത് കുമാർ ഗൗതം എന്നിവരാണ് വിഷ്ണുദേവ് സായിയുടെ പേര് നിർദേശിച്ചത് . കുങ്കുരി നിയമസഭാ സീറ്റിൽ നിന്നാണ് വിഷ്ണു സായി വിജയിച്ചത്. ‘ നിങ്ങൾ അദ്ദേഹത്തെ എംഎൽഎ ആക്കുക, ഞങ്ങൾ അദ്ദേഹത്തെ വലിയ ആളാക്കും.‘ എന്നായിരുന്നു ഇലക്ഷൻ പ്രചാരണ സമയത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ പൊതുജനങ്ങളോട് പറഞ്ഞത് .
ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദിവാസി മേഖലകളിൽ ഏറ്റവും വലിയ വിജയമാണ് ബിജെപി നേടിയത് . ഛത്തീസ്ഗഡിൽ പ്രാദേശിക, ആദിവാസി മുഖ്യമന്ത്രി വേണമെന്ന ആവശ്യം എക്കാലത്തും ഉയർന്നിരുന്നു.
1964 ഫെബ്രുവരി 21 ന് ജഷ്പൂരിലെ ബാഗിയ ഗ്രാമത്തിൽ രാംപ്രസാദ് സായിയുടെയും ജാസ്മിനി ദേവിയുടെയും മകനായാണ് വിഷ്ണു സായി ജനിച്ചത്. കർഷകകുടുംബത്തിൽ നിന്ന് വന്ന വിഷ്ണുദേവ് നീണ്ട 35 വർഷത്തെ രാഷ്‌ട്രീയ യാത്രയിലൂടെയാണ് പ്രശസ്തനായത്.
വിഷ്ണുദേവ് സായിയുടെ പ്രാഥമിക വിദ്യാഭ്യാസം കുങ്കുരിയിലായിരുന്നു. 12-ാം ക്ലാസ് വരെ അവിടെ പഠിച്ചെങ്കിലും പിന്നീട് പഠനം ഉപേക്ഷിച്ചു. കൃഷിയിൽ പിതാവിനെ സഹായിച്ച വിഷ്ണുദേവ് സായി 25-ാം വയസ്സിലാണ് രാഷ്‌ട്രീയത്തിൽ പ്രവേശിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളും തുടക്കം മുതൽ ജനസംഘവുമായി ബന്ധപ്പെട്ടിരുന്നു.
1989-1990 കാലഘട്ടത്തിൽ അവിഭക്ത മധ്യപ്രദേശിലെ തപ്കര ബാഗിയ ഗ്രാമപഞ്ചായത്തിൽ നിന്ന് അദ്ദേഹം എതിരില്ലാതെ സർപഞ്ചായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിന് ശേഷം 1990ൽ ബിജെപി ടിക്കറ്റിൽ തപ്കര സീറ്റിൽ നിന്ന് ആദ്യമായി എംഎൽഎയായി. 8 വർഷം എംഎൽഎ ആയിരുന്ന ശേഷം 2004ൽ റായ്ഗഡിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു.
എംപിയായിരുന്ന കാലത്ത് മോദി സർക്കാരിൽ സ്റ്റീൽ മന്ത്രാലയത്തിൽ സഹമന്ത്രിയായി. 2011ലും 2020ലും പാർട്ടി അദ്ദേഹത്തെ ഛത്തീസ്ഗഡ് ബിജെപി സംസ്ഥാന അധ്യക്ഷനാക്കി. 2022ൽ ബിജെപിയുടെ ദേശീയ പ്രവർത്തക സമിതി അംഗമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.















